അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി
ബെൽഫാസ്റ്റ് ∙ നോർതേൺ അയർലൻഡിലെ ഡെൻഗാന്നൺ നഗരത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഗസ്റ്റിൻ ചാക്കോ (29) ആണ് മരണപ്പെട്ടത്. ഡെൻഗാന്നണിലെ ഒരു കെയർഹോമിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അഗസ്റ്റിൻ.
താമസിച്ചിരുന്ന വീട്ടിനുള്ളിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 19-ാം തീയതി ഉച്ചയ്ക്ക് ശേഷം അഗസ്റ്റിന്റെ നാട്ടിലുള്ള പെൺസുഹൃത്ത് സുഹൃത്തുക്കളിൽ ഒരാളെ വിളിച്ച് ആശങ്ക അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ, അഗസ്റ്റിൻ താമസിച്ചിരുന്ന വീട് അകത്തു നിന്നു പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏറെ നേരം പ്രതികരണം ലഭിക്കാതിരുന്നതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ അഗസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസ് വിശദമായ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മരണകാരണം വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബെൽഫാസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഡെൻഗാന്നൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
വേദനാജനകമായത്, ഇന്ന് (20) അഗസ്റ്റിന്റെ ജന്മദിനമായിരുന്നു എന്നതാണ്. സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണവാർത്ത അറിയുന്നത്.
കേക്ക് നിർമാണം പകുതിവഴിയിൽ നിൽക്കുമ്പോഴാണ് ദുഃഖകരമായ വാർത്ത ലഭിച്ചതെന്ന് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. ആഘോഷത്തിനായി ഒരുങ്ങിയിരുന്ന സുഹൃത്തുക്കൾ ആ വാർത്ത കേട്ട് ആകെ തളർന്നു പോയ അവസ്ഥയിലായിരുന്നു.
സൗമ്യസ്വഭാവിയും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നയാളുമായിരുന്ന അഗസ്റ്റിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്. നോർതേൺ അയർലൻഡിലെ മലയാളി സമൂഹവും ദുഃഖാചരണം രേഖപ്പെടുത്തി.









