ബെംഗളൂരു: തെളിവെടുപ്പിനിടെ മലയാളി യുവാവിനെ വെടിവെച്ച് ബെംഗളൂരു പൊലീസ്. ആലപ്പുഴ കരുവാറ്റ സ്വദേശി ആദർശ് (മുരുകൻ–26) നാണ് വെടിയേറ്റത്. മൈസൂരുവിൽ തട്ടിപ്പുകേസിന്റെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചതിനെ തുടർന്നാണ് കാൽമുട്ടിനു താഴെ വെടിവെച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഗോപാലപുരയിലാണ് സംഭവം. എസ്ഐ പ്രകാശ്, കോൺസ്റ്റബിൾ ഹരീഷ് എന്നിവർക്ക് ആദർശിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. തട്ടിയെടുത്ത കാർ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുന്നതിനിടെയാണ് ആദർശ് റോഡരികിൽ കിടന്ന ബീയർ കുപ്പികൊണ്ട് പൊലീസുകാരെ ആക്രമിച്ചത്.
തുടർന്ന് ഓടുന്നതിനിടെ സിഐ ശിവഞ്ജന ഷെട്ടി ഇയാളുടെ കാൽമുട്ടിനു താഴെ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ 3 പേരെയും മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20ന് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ്, സൂഫി എന്നിവർ സഞ്ചരിച്ച കാർ ആക്രമിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്.
ഈ കേസിലെ പ്രതിയാണ് ആദർശ്. കേസിൽ കരുവാറ്റ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.









