ന്യൂഡൽഹി: സംഘർഷം തുടരുന്ന ഇന്ത്യാ- പാകിസ്ഥാൻ അതിർത്തി മേഖലയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്താനായി വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിന്റെ ഇടപടൽ തേടിയിരിക്കുകയാണ്.
ഇപ്പോഴത്തെ സാഹചര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇ-മെയിൽ അയച്ചിട്ടും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാർത്ഥിനിയായ ഫാത്തിമ പറയുന്നു. പാകിസ്താൻ അതിർത്തിക്കടുത്തുള്ള ബാരാമുളയിലെ സോപ്പൂരിലാണ് ഫാത്തിമ പഠിക്കുന്ന കാർഷികസർവകലാശാലയുടെ ഓഫ് കാംപസ് ഉള്ളത്.
”രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം കഴിയുന്നത്, ഇടക്കിടക്ക് വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് അറിഞ്ഞു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല” -ജമ്മു-കശ്മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ്സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ പറയുന്നു.
കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുകയാണ് എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള വലിയശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസ്സിലായത്. കശ്മീരികളായ വിദ്യാർഥികളൊക്കെ വീടുകളിലേക്ക് മടങ്ങി.
ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ഇവിടെയുള്ളത്. ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽതന്നെ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് -ഫാത്തിമ പറയുന്നു.
”ഹോസ്റ്റലാണ് സുരക്ഷിതമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, രാത്രിയായാൽ ഇവിടെയും വൈദ്യുതി വിച്ഛേദിക്കും. വ്യോമാക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾതന്നെ പേടിതോന്നും. പുറത്തിറങ്ങാൻ കഴിയാത്തതിനാൽഹോസ്റ്റലിൽത്തന്നെ ഇപ്പോഴും തുടരുകയാണ്.
തെലങ്കാന, തമിഴ്‌നാട് സർക്കാരുകൾ അവരുടെ കുട്ടികളെ കൊണ്ടുപോവാൻ ശ്രമം നടത്തുന്നുണ്ട്. നോർക്ക റൂട്ട്‌സിൽനിന്ന് വിളിച്ച് വിവരങ്ങൾ ചോദിച്ചിരുന്നെങ്കിലും അതിനപ്പുറത്തേക്ക് ഒന്നുമറിയില്ല. മണ്ണിടിഞ്ഞ് ജമ്മു-ശ്രീനഗർ റോഡ് അടച്ചിരിക്കുകയാണ്. ഞങ്ങൾക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തണം.
ഞങ്ങൾക്കുമുന്നിൽ ഒരുവഴിയുമില്ല. വിമാനത്താവളം അടച്ചിരിക്കുകയാണ്. ഏകദേശം രണ്ടുമണിക്കൂറെടുക്കും റെയിൽവേ സ്റ്റേഷനിലെത്താൻ. ട്രെയിൻ സർവീസുണ്ടോ എന്നുപോലും അറിയില്ല. വ്യാഴാഴ്ച രാത്രി കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഞങ്ങളുടെ പ്രശ്‌നങ്ങൾ കാണിച്ച് ഇ-മെയിൽ അയച്ചിരുന്നെങ്കിലും, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും നേഹ പറഞ്ഞു.
”നാട്ടുകാർക്ക് ഇതൊന്നും പ്രശ്‌നമില്ല. അവർക്ക് ഇതെല്ലാം പരിചിതമാണ്. ഞങ്ങളാണ് പേടിച്ചുകഴിയുന്നത്”. ശ്രീനഗർ നിലവിൽ സുരക്ഷിതമാണെന്നത് മാത്രമാണ് ആകെ ഒരാശ്വാസമെന്നും നേഹ പറഞ്ഞു. ഷാലിമാറിലെ ഷേർ ഇ കശ്മീർ അഗ്രികൾച്ചറൽ സർവകലാശാലയിലെ എംഎസ്സി ഹോർട്ടികൾച്ചർ വിദ്യാർഥിനിയായ ഫാത്തിമ നേഹ കോഴിക്കോട് മടവൂർ സ്വദേശിനിയാണ്.
കശ്മീരിന്റെ പലഭാഗങ്ങളിലായി ഇത്തരത്തിൽ 100 വിദ്യാർഥികൾ തന്റെ അറിവിൽ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും എൻഐടിയിൽ ഉൾപ്പെടെ പഠിക്കുന്നവർ വേറെയുമുണ്ടെന്നും ഫാത്തിമ പറയുന്നു. 20 മലയാളിവിദ്യാർഥികൾ നേഹയ്‌ക്കൊപ്പമുണ്ട്.