ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളി കോടിപതിയായി. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറി(53)നെയാണ് ഇക്കുറി അറേബ്യൻ ഭാഗ്യദേവത കടാക്ഷിച്ചത്.
ബിഗ് ടിക്കറ്റ് ജനുവരി മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അതായത് രണ്ടര കോടിയോളം ഇന്ത്യൻ രൂപ!
വർഷങ്ങളായി കൂട്ടുകാരുമൊത്ത് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു എന്നാൽ, കഴിഞ്ഞ മാസം തനിച്ച് എടുത്ത ടിക്കറ്റിനാണ് കോടികൾ സമ്മാനം ലഭിച്ചത്.
സമ്മാനം ലഭിച്ച വിവരം അറിയിച്ചുള്ള ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം അത് വിശ്വസിക്കാനായില്ലെന്ന് അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം കരുതിയത് ആരോ കബളിപ്പിക്കുകയാണെന്നാണ്. ഉടൻ തന്നെ വെബ് സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സമാധാനമായത്.
കഴിഞ്ഞ 20 വർഷമായി ഖത്തറിൽ അക്കൌണ്ടൻറായി ജോലി ചെയ്യുന്ന ഇദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാനമായും പണം ചെലവഴിക്കുകയെന്ന് വ്യക്തമാക്കി. മാതാപിതാക്കൾക്ക് പിന്തുണ നൽകാനും പണം ഉപയോഗിക്കും.