യുകെയിൽ മലയാളി ബാലൻ അന്തരിച്ചു. യുകെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത എന്നിവരുടെ മകൻ ഏഴു വയസ്സുകാരനായ മകൻ ഐഡൻ തോമസ് ആണ് അന്തരിച്ചത്.
ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഐഡൻ തോമസിന്റെ മരണം. സ്വിണ്ടൻ ഗ്രേറ്റ് വെസ്റ്റേൺ എൻഎച്ച്എസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു ഐഡൻ. കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 10 ദിവസം മുൻപാണ് സ്വിണ്ടൻ ആശുപത്രിയിൽ ചികിത്സയിൽ നേടിയത്.
ഇതേഅസുഖത്തെ തുടർന്ന് മാർച്ച് നാലിനാണ് ഐഡന്റെ സഹോദരി ഐറിൻ സ്മിത തോമസ് അന്തരിച്ചത്. നാലു മാസത്തിനിടെ രണ്ട് മക്കളെ നഷ്ടമായതിന്റെ തീരാനൊമ്പരത്തിൽ കഴിയുന്ന ദമ്പതികളെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നു പോലും അറിയാതെ കുഴങ്ങുകയാണ് പ്രിയപ്പെട്ടവർ.
ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ വെച്ച് സംസ്കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനായുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കാർ അറിയിച്ചു.
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശികളാണ് ഐഡന്റെ കുടുംബം. 2024 മാർച്ച് 22 നാണ് അമ്മയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വീസയിൽ സഹോദരങ്ങളായ അഭിജിത്ത്, ഐറിൻ എന്നിവർക്ക് ഒപ്പം ഐഡൻ യുകെയിൽ എത്തിയത്.