കൊടുംചൂടിൽ വലയുന്ന കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാനാകുമോ? കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളിൽ അസംതൃപ്തരായ മലയാളികൾ സോഷ്യൽ മീഡിയയിൽ ചോദിക്കുന്ന ചോദ്യമാണ് ഇത്. ഇതിന് കൃത്യമായ മറുപടിയുമായി വിദഗ്ദരും എത്തിയിട്ടുണ്ട്. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന മഴ പെയ്യിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്. ജെറ്റുകളിൽ ഘടിപ്പിക്കുന്ന രാസവസ്തുക്കൾ വഴി അന്തരീക്ഷത്തിലെ ഈർപ്പത്തെ ഘനീഭവിപ്പിച്ച് മേഘങ്ങളാക്കി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്. മേഘങ്ങളിൽ, മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. സിൽവർ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്‌സൈഡ്) തുടങ്ങിയ പൂജ്യം ഡിഗ്രിയേക്കാൾ താഴെ തണുപ്പിച്ച വസ്തുക്കൾ മേഘത്തിലേക്ക് പ്രരിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ കൊടുംചൂടിൽ കൃത്രിമ മഴ പെയ്യിക്കുന്നത് പ്രായോഗികമല്ലെന്നാണ് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത് പറയുന്നത്. ഒന്നാമത്ത് ചില ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളം വലിയ പ്രദേശമാണ്. രണ്ടാമതായി കൃത്രിമമായി മഴ പെയ്യിക്കുന്നത് പരിസ്ഥിതിയ്ക്ക് തീരെ നല്ലതല്ല. കുടിവെള്ള സ്രോതസുകളേയും വനസമ്പത്തിനേയും അത് ദോഷകരമായി ബാധിക്കും.
സംസ്ഥാനത്തെ കടുത്ത ചൂടിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത്. തീരദേശ മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് രാജഗോപാൽ കമ്മത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചത്തേക്ക് ചൂടുകുറയുമെന്ന് കരുതാനാകില്ലെന്ന് രാജഗോപാൽ കമ്മത്ത് പറയുന്നു. രാത്രികാല താപനിലയിൽ മുൻ കാലങ്ങളിലേത് പോലെ കാര്യമായ കുറവുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. പാലക്കാട് മാത്രമല്ല ആലപ്പുഴയിലും താപനില ഉയരുകയാണ്. തീരദേശ മേഖലയിൽ അന്തരീക്ഷ ആർദ്രത കൂടുതലായതിനാൽ ഉള്ളതിലും കൂടുതൽ ചൂട് ജനങ്ങൾക്ക് അനുഭവപ്പെടുന്നത് പോലെ തോന്നും. അതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും രാജഗോപാൽ കമ്മത്ത് നിർദേശിച്ചു.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക
*ധാരാളം വെള്ളം കുടിക്കുക
*രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നേരിട്ടുള്ള വെയിൽ ഏൽക്കരുത്
*ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് നിർജലീകരണം ഉൾപ്പെടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
*സീലിങ് ഫാനിനേക്കാൾ ടേബിൾ ഫാനുകളും എക്‌സോസ്റ്റുകളും ഉപയോഗിക്കുക
*ഇടവിട്ടുള്ള സമയങ്ങളിൽ വെള്ളം കുടിക്കുക
*ഉള്ളി, പച്ചമാങ്ങ എന്നിവ ധാരാളമായി കഴിയ്ക്കണം. ഇവ ശരീരത്തിലെ താപം കുറയ്ക്കാൻ സഹായിക്കും.
*ശരീരം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുകയോ കുളിയ്ക്കുകയോ ചെയ്യാം.
Read Also: ഉഷ്‌ണതരംഗം; തൊഴിൽ സമയക്രമീകരണം മെയ് 15 വരെ: ഉച്ചസമയത്ത് പണിയെടുപ്പിച്ചാൽ കർശന നടപടി