ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ഏകദിന മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി മലയാളി താരം മുഹമ്മദ് ഇനാൻ.Malayalam player Muhammad Inan with a brilliant performance in the Under-19 Youth ODI match against Australia
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അണ്ടർ 19 ടീം 49.4 ഓവറില്‍ 184 എന്ന സ്‌കോറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങില്‍ ഇന്ത്യ 36 ഓവറില്‍ ലക്ഷ്യത്തിലെത്തി.
10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഇനാനാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. രണ്ടുവിക്കറ്റ് വീഴ്ത്തിയ കെ പി കാർത്തികേയയും മികച്ച പ്രകടനം നടത്തി.
സമര്‍ത്ഥ് നാഗരാജ്, ഹാർദിക് രാജ്, ചേതന്‍ ശര്‍മ്മ, കിരണ്‍ കോര്‍മലെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 42 റണ്‍സെടുത്ത സ്റ്റീവന്‍ ഹോഗന്‍, 36 റണ്‍സ് നേടിയ റൈലി കിങ്സെല്‍ എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
റൈലി കിങ്സെല്‍, അഡിസണ്‍ ഷെരീഫ്, എയ്ഡന്‍ ഓകോണര്‍, ഹെയ്ഡന്‍ ഷില്ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇനാന്‍ പിഴുതെറിഞ്ഞത്.
തൃശൂർ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാൻ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
കൂച്ച് ബിഹാർ ട്രോഫിയിലുൾപ്പെടെ പുറത്തെടുത്ത മികച്ച പ്രകടനം ബൗളിങ് ഓള്‍റൗണ്ടറായ താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്നതിന് സഹായകരമായി.
മറുപടി ബാറ്റിങ്ങില്‍ കെ പി കാര്‍ത്തികേയ (പുറത്താകാതെ 85), ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍(പുറത്താകാതെ 58) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇന്ത്യ അണ്ടർ 19 ടീം ഓസ്ട്രേലിയക്ക് എതിരെ മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും കളിക്കുന്നുണ്ട്.