ജനലക്ഷങ്ങൾക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.45 നോടെ ശ്രീകോവിൽ നട തുറന്ന് ദീപാരാധനയെ തുടർന്ന് ഭക്തജനങ്ങൾ മകരജ്യോതി ദർശനത്തിനായി കാത്തുനിന്നു. 6.47ന് കഴിഞ്ഞ് മൂന്ന് തവണ മകരജ്യോതി മിന്നിമാഞ്ഞു. ഭക്തലക്ഷങ്ങളുടെ ശരണം വിളികളാൽ മുഖരിതമായിരുന്നു സന്നിധാനം. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഘോഷയാത്ര ഇന്നു വൈകിട്ട് 6.15ഓടെയാണ് ശരംകുത്തിയിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സോപാനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് പേടകത്തെ സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. തുടർന്നായിരുന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന.