ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും വലിയ എസ്യുവി നിർമ്മാതാക്കളാണ് മഹീന്ദ്ര. എക്സ്. യു. വി 3XO, എക്സ്. യു. വി 700, ഥാർ, സ്കോർപിയോ തുടങ്ങി മഹീന്ദ്ര കൈവച്ചതെല്ലാം പൊന്നായിട്ടുണ്ട്. എന്നാൽ 16 പുതുപുത്തൻ വാഹനങ്ങൾ ഇന്ത്യൻ നിരത്തിലേക്ക് ഇറക്കാൻ ഒരുങ്ങി മഹീന്ദ്ര വീണ്ടും വാഹന പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. പെട്രോൾ-ഡീസൽ വേരിയന്റുകളിലെ 9 എസ്‌യുവി കളും 7 ബോൺ ഇലക്ട്രിക് മോഡലുകളും ആണ് മഹേന്ദ്ര പുതുതായി പുറത്തിറക്കുന്നത്. 2030 നുള്ളിൽ ഈ വാഹനങ്ങളെല്ലാം പുറത്തിറക്കാൻ ആണ് മഹീന്ദ്ര ആലോചിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം ഐസ് എന്‍ജിന്‍ വാഹനങ്ങളുടെ നിര വിപുലമാക്കാനുള്ള നീക്കവും മഹീന്ദ്ര നടത്തുന്നുണ്ട്. ഐസ് എന്‍ജിന്‍ മോഡലുകളില്‍ ആദ്യത്തേത് ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിന്റെ അഞ്ച് ഡോര്‍ മോഡലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ത്രീ ഡോര്‍ ഥാറില്‍ നിന്ന് സ്‌കോര്‍പിയോ എന്നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഫീച്ചറുകളും മെക്കാനിക്കല്‍ സവിശേഷതകളുമായിരിക്കും ഇതിൽ നല്‍കുക. ഥാര്‍ അര്‍മദ എന്ന പേരിലായിരിക്കും ഈ മോഡല്‍ എത്തുന്നത്. സ്‌കോര്‍പിയോ എന്നിനെ അടിസ്ഥാനമാക്കിയുള്ള പിക്ക്അപ്പും വരും വര്‍ഷങ്ങളില്‍ പുറത്തിറക്കാൻ മഹീന്ദ്ര ആലോചിക്കുന്നുണ്ട്.
പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിനിടയിൽ മാസങ്ങളുടെ ഇടവേള എന്ന തന്ത്രം മഹീന്ദ്ര പുതുതായി പയറ്റാനൊരുങ്ങുകയാണ്. ഇതിനു ഒന്നോടിയാണ് അടുത്തിടെ പുറത്തിറക്കിയ 3XO. ബുക്കിങ്ങില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ഡെലിവറി മെയ് 26-ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ത്യൻ വിപണിയും കീഴടക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. ഇതിനു മുന്നോടിയായി മഹീന്ദ്രയുടെ വൈദ്യുതവാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡില്‍ (എം.ഇ.എ.എല്‍.) അടുത്ത മൂന്നുവര്‍ഷംകൊണ്ട് 12,000 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും. 796 കോടി രൂപയുടെ ആസ്തികൾ കമ്പനിക്ക് വിൽക്കാനും തീരുമാനമായിട്ടുണ്ട്.