തൃശൂർ: മഹാരാഷ്‌ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാർ ഉണ്ടാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ കരാറിനെ അടിസ്ഥാനമാക്കി ശബരി റെയിൽ പദ്ധതി പൂർത്തിയാക്കും.
ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, പദ്ധതി കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 393 കോടി രൂപ തൃശൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനായി മോദി സർക്കാർ അനുവദിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരി റെയിൽപദ്ധതി നടപ്പാക്കുന്നതിന് കേരള സർക്കാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ബെംഗളൂരു മുതൽ ഷൊർണൂർ വരെ നാല് വരി പാത സ്ഥാപിക്കും.
ഷൊർണൂർ മുതൽ എറണാകുളം വരെ മൂന്ന് വരിപ്പാതയും ഉണ്ടാകും. എറണാകുളം മുതൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് 3 ലൈനുകൾ സ്ഥാപിക്കും.
അതിനുള്ള സ്ഥലം ഏറ്റെടുത്ത നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളിൽ വികസനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ആ തടസ്സങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്‌ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണ്.
ഈ കാര്യങ്ങൾ ഡൽഹിയിൽ വച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നത്തിന് പരിഹാരമാണ്.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. നിലവിൽ സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Maharashtra Model Agreement in Kerala too