നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ
‘ദക്ഷിണേന്ത്യയുടെ കുംഭമേള’ എന്നറിയപ്പെടുന്ന മഹാമാഘമഹോത്സവം 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറം ജില്ലയിലെ തിരുനാവായയിലും താപസന്നൂരിലുമായി നടക്കും.
പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്താണ് മഹാമേള സംഘടിപ്പിക്കുന്നത്. മാഘ ഗുപ്ത നവരാത്രി ആരംഭിക്കുന്ന ജനുവരി 19ന് രാവിലെ 11 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം നിർവഹിച്ച് മഹോത്സവത്തിന് ഔപചാരിക തുടക്കം കുറിക്കും.
മഹാമാഘമഹോത്സവത്തിന്റെ ഭാഗമായി, ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തമിഴ്‌നാട്ടിലെ ത്രിമൂർത്തിമലയിൽ നിന്ന് തിരുനാവായ ത്രിമൂർത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രക്കും 19ന് തുടക്കമാകും.
തമിഴ്‌നാട്ടിലെ പ്രമുഖ ആധീനങ്ങൾ പങ്കെടുക്കുന്ന ഈ യാത്രയെ ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് നയിക്കും.
ജനുവരി 19ന് വൈകിട്ട് 6ന് തിരുനാവായയിൽ മോഹൻജി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന നിളാ ആരതിക്കും തുടക്കമാകും. ബ്രഹ്മർഷി മോഹൻജി പ്രഥമ ആരതി നിർവഹിക്കും.
കാശി ദശാശ്വമേധ് ഘാട്ടിലെ ഗംഗാ ആരതി പണ്ഡിറ്റുകൾ അർച്ചകരാകുന്ന നിളാ ആരതി ഫെബ്രുവരി 3 വരെ ദിവസവും വൈകിട്ട് നിളാതീരത്ത് നടക്കും.
മാഘമഹോത്സവകാലത്ത് ദിവസവും രാവിലെ വേദഘോഷത്തോടെ നടക്കുന്ന സ്നാനങ്ങൾക്കും വൈദികക്രിയകൾക്കും ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകർ നേതൃത്വം നൽകും.
പ്രധാന ദിനമായ മാഘപൂർണ്ണിമയിലെ തൈപ്പൂയാഘോഷങ്ങൾ എൽ.എം.ആർ.കെ. ക്യാപ്റ്റൻ രജിത് കുമാർജിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ മഹാമാഘനഗരിയിൽ നവകോടി നാരായണജപാർച്ച നടക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് അശ്വത്ഥവൃക്ഷത്തൈ പ്രസാദമായി നൽകും.
ഫെബ്രുവരി 3ന് മാഘമാസത്തിലെ വിശിഷ്ട നക്ഷത്രമായ മകം നാളിൽ നടക്കുന്ന അമൃതസ്നാനത്തോടെയും യതിപൂജയോടെയും മഹോത്സവം സമാപിക്കും.
മഹോത്സവത്തിന് മുന്നോടിയായി ജനുവരി 16 മുതൽ 18 വരെ പ്രായശ്ചിത്തശ്രാദ്ധങ്ങൾ നടക്കും. തുടർന്ന് ഓരോ തിഥികളിലും പ്രത്യേക ദേവതാപൂജകളും യജ്ഞങ്ങളും സംഘടിപ്പിക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആചാര്യന്മാർ പൂജകൾക്ക് കാർമികത്വം വഹിക്കും. സ്വാമി അഭിനവ ബാലാനന്ദഭൈരവനാണ് മാഘയജ്ഞപദ്ധതികൾ സംയോജിപ്പിച്ചിരിക്കുന്നത്.
മലയാലി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) ആണ് യജ്ഞക്രിയകളുടെ സംഘാടനം നിർവഹിക്കുന്നത്.
കൗള ശ്രാദ്ധം, വൈദിക പ്രായശ്ചിത്തം, സർപ്പബലി, നവാവരണ ശ്രീചക്രപൂജ, ഗായത്രിയജ്ഞം, ദക്ഷിണാമൂർത്തി പൂജ, കാളീവിധാന ഭദ്രാപൂജ, ഹനുമാൻ പൂജ തുടങ്ങി നിരവധി പ്രത്യേക അനുഷ്ഠാനങ്ങളും, സത്സംഗങ്ങളും, വിദ്വൽസദസ്സുകളും, യോഗ–കളരി അനുഷ്ഠാനങ്ങളും കലാ അവതരണങ്ങളും നിളാതീരം വേദിയാകും.
മൗനി അമാവാസി (ജനുവരി 18), മാഘപ്രതിപദം (19), ഗണേശ ജയന്തി (22), വസന്തപഞ്ചമി (23), രഥസപ്തമി (25), ഭീഷ്മാഷ്ടമി (26), ജയ ഏകാദശി (29), തൈപ്പൂയം–മാഘപൗർണ്ണമി (ഫെബ്രുവരി 1), മകം നക്ഷത്രം (ഫെബ്രുവരി 3) എന്നിവയാണ് പ്രധാന സ്നാനദിനങ്ങൾ.
രജിസ്ട്രേഷൻ, സന്നദ്ധ പ്രവർത്തക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്:
🌐 https://www.mahamagham.com
English Summary:
The Maha Magha Mahotsavam 2026, known as the ‘Kumbh Mela of South India,’ will be held from January 18 to February 3 at Thirunavaya and Thapasannoor on the banks of the Bharathapuzha river in Kerala. The festival will feature sacred baths, yajnas, rituals, cultural programs, and daily Nilaa Aarathi, culminating on February 3 with Amrita Snanam and Yati Puja.
maha-magha-mahotsavam-2026-thirunavaya-bharathapuzha
Maha Magha Mahotsavam, Thirunavaya, Bharathapuzha, Kerala Temple Festival, Hindu Rituals, Kumbh Mela South India









