കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് നടി രംഗത്തെത്തി. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അന്വേഷണം നടത്തിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി നേരത്തേ അക്രമണത്തിന് വിധേയമായ നടിക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018-ൽ ജില്ലാ ജഡ്ജിയുടെ പിഎയും സ്വന്തം ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ ഈ ഫോൺ 2022-ൽ നഷ്ടമായെന്നാണ് ഇയാളുടെ മൊഴി. 2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീനും മെമ്മറി കാർഡ് പരിശോധിച്ചു. ഈ വിഷയത്തിലൊന്നും തന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോർട്ടിൽ ശുപാർശയില്ല. പരിശോധനയുടെ ഭാഗമായി മെമ്മറി കാർഡിലെ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നൽകണമെന്നാണ് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ ഹർജി നൽകി.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തൽ. 2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി. 2018 ഡിസംബർ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് തൻറെ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിർദ്ദേശ പ്രകാരണമാണെന്നും മൊഴി. എന്നാൽ ജഡ്ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിൻറെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിൽ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകി.
അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തി ഈ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.