കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി ഒരുക്കിയ വീട്ടിലിരുന്ന് വോട്ടിൽ സൗകര്യത്തിലും തിരിമറിമെന്ന് പരാതി. വോട്ട് ചെയ്ത് ബോക്സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായി പരാതിയിൽ പറയുന്നു. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. എന്നാൽ അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. ശേഷം ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് അപേക്ഷ നൽകിയവരുടെ വീടുകളിലാണ് അധികാരപ്പെട്ടവരെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്.
Read Also: ജപ്പാൻ സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്; ഇത്തവണ സന്ദർശിച്ചത് റെക്കോർഡ് സഞ്ചാരികൾ