വനത്തിൽ നിന്നും ജനവാസ മേഖലയിലേയ്ക്കിറങ്ങുന്ന കരടികളെ പേടിച്ച് കഴിയുകയാണ് കുമളി അട്ടപ്പള്ളം നിവാസികൾ. പ്രദേശവാസികൾ പലതവണ കരടിയെ കണ്ടതോടെ വനം വകുപ്പിനെ വിവരം അറിയിച്ചു. പ്രദേശത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. ഒരാഴ്ച്ച മുൻപ് കുമളിയുടെ മറ്റു ജനവാസ കേന്ദ്രങ്ങളിലും കരടിയെ കണ്ടെത്തിയിരുന്നു. കുമളി സ്പ്രിങ്ങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രദേശവാസിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കരടിയിറങ്ങിയെന്ന വാർത്ത കേട്ടതോടെ തോട്ടങ്ങളിൽ കൃഷിപ്പണിയ്ക്ക് തൊഴിലാളികളും എത്താത്ത അവസ്ഥയാണ്.








