തിരുവനന്തപുരം: അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി കേരളത്തിൽ ഫുട്ബോൾ കളിക്കുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചിക്കുന്നത്. അപ്പോഴേക്കും സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അർജന്റീന ടീം കേരളത്തിൽ രണ്ടു സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ കളിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
2025 ഒക്ടോബറിലാണ് മെസ്സിയും ടീമും കേരളത്തിലെത്തുകയെന്ന് മന്ത്രി ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്നലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടന്ന ഓൺലൈൻ ചർച്ചയിലാണ് കേരളത്തിൽ എത്തുന്ന കാര്യത്തിൽ തീരുമാനമായത്. നേരത്തേ ജൂണിൽ കളിക്കാനെത്തുമെന്നാണ് അർജന്റീന ടീം അറിയിച്ചിരുന്നത്. എന്നാൽ, ആ സമയം മൺസൂൺ കാലമായതിനാൽ കേരള പ്രതിനിധികൾ അടുത്ത വർഷം ഒക്ടോബറിൽ കളിക്കാനെത്തുന്ന കാര്യത്തിൽ ധാരണയായത്.
കേരളവുമായി ഫുട്ബോൾ മേഖലയിൽ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നടത്തുന്ന ‘ഗോൾ’ പരിശീലന പദ്ധതിയുമായി ചേർന്ന് 5,000 കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകും. അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായാണ് മന്ത്രി ഉൾപ്പെടുന്ന കേരളസംഘം ചർച്ച നടത്തിയത്.
Read Also: അന്നപൂരണി വിവാദം ; ഒടുവിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻതാര