ഈ മണ്ണിന്റെ ജലഞരമ്പുകളായി ഒരിക്കൽ സന്തോഷത്തോടെ ഒഴുകിയിരുന്ന നദികളുടെ ഇപ്പോഴത്തെ ദുർവിധിയറിയാൻ ഈ വേനലിലെ ഒരൊറ്റ പുഴക്കാഴ്‌ച മതിയാകും.നമ്മുടെ പുഴകളെയെല്ലാം അടിയന്തരമായി വീണ്ടെടുത്തേതീരൂ. കേരളത്തോളം വലുപ്പമുള്ളൊരു ജലാർദ്രസ്വപ്നത്തിന്റെ യാഥാർഥ്യമാക്കൽകൂടിയാണത്. ഒഴുക്കു തടയുന്ന നിർമാണങ്ങൾ പൊളിച്ചുമാറ്റിയും മാലിന്യം നീക്കിയും കയ്യേറ്റം ഒഴിപ്പിച്ചും മലിനജലക്കുഴലുകൾ അടച്ചുമൊക്കെ ജലസ്രോതസ്സുകൾക്കു ശ്വാസം തിരികെനൽകുമ്പോൾ അതു ഹരിതകേരളത്തോടുള്ള ഏറ്റവും സാർഥക കടംവീട്ടൽ തന്നെയാവുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ പുഴകളെയും നദികളെയും വീണ്ടെടുക്കാൻ ബഹുജന പങ്കാളിത്തത്തോടെ പ്രത്യേക കർമപദ്ധതി തയാറാക്കുമെന്നും പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതിൽ അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ നീരൊഴുക്കു തെളിയുന്നു.
വരൾച്ചയുടെ ലക്ഷണങ്ങൾ ഇക്കുറി വളരെ നേരത്തെ തന്നെ നമ്മെ തേടിയെത്തിക്കഴിഞ്ഞു, നദികൾ മാർച്ച് മാസത്തിൽ തന്നെ വറ്റി വരണ്ടു തുടങ്ങി. മഹാപ്രളയത്തെത്തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
പെരിയാറിൽ മഴക്കാലത്തൊഴികെ വെള്ളമുണ്ടാകാറില്ല. അനിയന്ത്രിത മണൽ വാരൽ മൂലം പെരിയാറും മൂവാറ്റുപുഴയാറും ആഴംകൂടി, സമീപപ്രദേശങ്ങളിലെ കിണർ വെള്ളത്തിന്റെ നിരപ്പു വരെ താഴുകയാണ് പലപ്പോഴും. നദിയാണ് ഭൂഗർഭ ജലത്തിന്റെ അളവിനെ നിയന്ത്രിക്കുന്നതെന്നതിനാൽ മെലിഞ്ഞൊഴുകുന്ന പെരിയാറിന്റെ 200 മീറ്റർ പരിധിയിൽ കിണറുകളിലെ ജലവിതാനം 7 മീറ്റർ വരെ താഴ്ന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ഇതുമൂലം മണൽക്കടവുകളിൽ നാലു വർഷമായി മണൽവാരൽ നിരോധിച്ചിരിക്കുകയാണ്. പ്രളയം കഴിഞ്ഞതോടെ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കരകളിൽ പലയിടത്തും പുതുതായി മണൽശേഖരവും മണൽത്തുരുത്തുകളും രൂപപ്പെട്ടു. നേര്യമംഗലം പാലത്തിനു കീഴെയുള്ള വിശാലമായ മണൽത്തിട്ടയാണ് ഇതിൽ പ്രധാനം.
സംസ്ഥാനത്തെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറയുകയാണ്. ചിലത് വറ്റി വരണ്ട് കഴിഞ്ഞു. വേനലിന്‍റെ തുടക്കത്തില്‍ തന്നെ പുഴകള്‍ വറ്റുന്നത് ആശങ്കയോടെ വേണം നോക്കി കാണുവാൻ . പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായി. വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. തുലാവര്‍ഷം മോശമായതും നേരത്തെ തന്നെ പുഴകള്‍ വറ്റാന്‍ കാരണമായിട്ടുണ്ട്.
തുലാവര്‍ഷത്തില്‍ ഏറ്റവും കുറച്ച് മഴകിട്ടിയ വടക്കന്‍ കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. മലയോര മേഖലയിലെ പ്രധാന പുഴകളെല്ലാം വറ്റി. ഇവിടെ വരള്‍ച്ച രൂക്ഷമാണ്. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാവും. മഴ കിട്ടുമ്പോള്‍ വെള്ളം സംഭരിച്ച് പതുക്കെ പുറം തള്ളുന്ന പുഴകളുടെ സ്വാഭാവിക സ്വഭാവം തിരികെ കിട്ടും വരെ നീരൊഴുക്കില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.
പാലക്കാട് ജില്ലയിലെ സൈലന്റ്്്വാലിയില്‍ നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴ മുതല്‍ കോഴിക്കോടിനും മലപ്പുറത്തിനുമിടയില്‍ പരന്നൊഴുകുന്ന ചാലിയാറും കേരളത്തിലെ വന്‍നദികളായ പെരിയാറും ഭാരതപ്പുഴയും പമ്പയും വരെ ചെറുതും വലുതുമായ നാല്‍പ്പത്തിനാല് നദികളുടെ, അവയുടെ ചെറു കൈവഴികളുടെ, അരുവികളുടെ തോടുകളുടെ ബലത്തിലാണ് കേരളം ജലസമൃദ്ധമെന്ന് പറയുന്നത്.
ഇത്രയധികം ശുദ്ധജല ലഭ്യതയുള്ളതുകൊണ്ട് നമുക്ക് വെള്ളം വിലപിടിപ്പുള്ളതാണെന്ന വിചാരമില്ല. വെള്ളം പാഴാക്കുന്നത് മാത്രമല്ല, ജലസ്രോതസ്സുകളെ, കുളം മുതല്‍കടലുവരെ മലിനമാക്കുന്നതിനോ, അവ കൈയ്യേറി നികത്തുന്നതിനോ മടിയുമില്ല. കേരളമെന്നും ജലസമൃദ്ധമായി, സമശീതോഷ്ണ കാലാവസ്ഥയില്‍ തുടരുമെന്ന ഉറപ്പോടെയാണ് എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ചുകൊണ്ടുള്ള മലയാളിയുടെ പോക്ക്. ഈ മാനസികാവസ്ഥയെയാണ് ഈ പെരുമഴക്കാലം കടപുഴക്കിയത്.
പുഴയെ മലിനമാക്കും, പുഴയോരവും പുഴയുടെ നടുവിലെ തുരുത്തും കൈയ്യേറും സകലമാലിന്യവും പുഴയിലേക്ക് തള്ളും, അനന്തമായി മണല്‍വാരും, പുഴയുടെ രൂപവും ഭവവും മാറ്റും. ഇതൊന്നും നന്നല്ല, അപകടകരമാണ് ഇത്തരം പ്രവൃത്തികള്‍ , പുഴകളെയും ജലാശയങ്ങളെയും സംരക്ഷിച്ചേ മതിയാകൂ എന്ന് പറയുന്നവരെ എതിര്‍ക്കും, പുഛിക്കും വായടപ്പിക്കും. ഇങ്ങനെ നമ്മുടെ സകല പീഡനവും ഏറ്റുവാങ്ങിയ പുഴകള്‍ ഒരുപാഠം ഒാര്‍മ്മിപ്പിച്ചു. വെള്ളമില്ലാതെ, മണല്‍ല്‍നഷ്ടപ്പെട്ട, മെലിഞ്ഞില്ലാതായ തോടുകളല്ല ഞങ്ങളെന്ന് പുഴകൊളൊന്നാകെ പറയുമ്പോലെയായിരുന്നു ഭാവമാറ്റം. സംഹാരരൂപം കൈക്കൊണ്ട് എല്ലാം ഒഴുക്കിക്കൊണ്ടുപോകാന്‍ കെല്‍പ്പുള്ളവരായി കേരളത്തിലെ നദികള്‍. ഒഴുകാന്‍ വഴിനഷ്ടപ്പെട്ട , കൈയ്യേറ്റത്തില്‍ രൂപംപോലും മാറിയ കേരളത്തിലെ പുഴകള്‍ പറയാന്‍ശ്രമിക്കുന്നത് കേട്ടേ മതിയാകൂ .
വൃഷ്ടിപ്രദേശത്തെ വനമാണ് പുഴയുടെ ജനനസ്ഥലം. അത് എത്രകണ്ട് സംരക്ഷിക്കപ്പെടുന്നോ അത്രക്കും ജലസമൃദ്ധമായിരിക്കും ആപുഴ. കാട് കൈയ്യേറുന്നതും വനഭൂമിസ്വന്തമാക്കുന്നതും ജന്‍മാവകാശവും വിശുദ്ധപ്രവര്‍ത്തനവുമായി കാണുന്നവര്‍ നിയന്ത്രിക്കുന്ന നാട്ടില്‍ പുഴപിറക്കുന്നതേ മരണക്കിടക്കയിലേക്കാണ്. പശ്ചിമഘട്ടത്തിലെ താഴ്ന്ന മലമ്പ്രദേശങ്ങളിലൂടെയും ഇടനാടന്‍കുന്നുകളിലൂടെയും ഒഴുകുമ്പോള്‍, ചുറ്റുമുള്ള ഭൂവിനിയോഗം അപ്പാടെ മാറുന്നു, മനുഷ്യന്റെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാകുന്നു മുന്‍ഗണന.
ഭൂഗർഭ ജലനിരപ്പും ആശങ്കയുയർത്തുകയാണ്. ജലനിരപ്പ് അസാധാരണമായ നിലയിൽ താഴുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. കാസർകോടും പാലക്കാടുമാണ് രണ്ട് മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയെക്കാളും താഴെയാണ് ഭൂഗർഭ ജലവിതാനം കുറഞ്ഞിരിക്കുന്നത്. 75 സെന്‍റീമീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസർക്കോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വർഷവും ഇവിടങ്ങളിൽ ജല വിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനൽ തുടങ്ങിയപ്പോൾ തന്നെ രണ്ട് മീറ്റർ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു.
നിയന്ത്രണങ്ങൾ ലംഘിച്ച് പലയിടങ്ങളിലും നടക്കുന്ന ജല ചൂഷണം അടിയന്തിരമായി തടയണമെന്ന് ഭൂഗർഭ ജലവകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ പക്ഷെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഭൂഗർഭജല വകുപ്പിന്‍റെ 756 വട്ടർ ഒബ്‍സർവേറ്ററികളിൽ നിന്ന് ഫെബ്രുവരിയിൽ കിട്ടിയ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നത്.
പ്രളയത്തിൽ മേൽമണ്ണൊലിച്ച് പോയത് മണ്ണിന്‍റെ സ്വാഭാവികമായി ജലം പിടിച്ചു നിർത്താനുള്ള കഴിവിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. വെള്ളം വെയിലിൽ വലിച്ചെടുക്കപ്പെടാതെ സൂക്ഷിക്കാനുള്ള കഴിവ് ഇപ്പോൾ കേരളത്തിലെ പല മേഖലകളിലെയും മണ്ണിനില്ല. ആ കഴിവ് തിരിച്ചു വരാൻ ഇനിയും കാലങ്ങളെടുക്കും. വേനൽ മഴ ലഭിച്ചാൽ തന്നെ അത് എത്രത്തോളം കേരളത്തിന് പ്രയോജനപ്പെടുത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും വരൾച്ചയുടെ തോത്.
ഇനിയും അപയാമണി കേട്ട് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത വരൾച്ചയും ജലക്ഷാമവുമാണ് നമ്മെ കാത്തിരിക്കുന്നത്.
നദികളെ വീണ്ടെടുക്കാൻ ഒട്ടേറെ പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്നു. നദീജലം കുളിക്കാനെങ്കിലും ഉതകുന്ന തരത്തിൽ ശുദ്ധമായിരിക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം. ഇതുമുന്നിൽകണ്ട് കേന്ദ്ര പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനു ഹരിതകേരള മിഷൻ പല പരിപാടികളും നടത്തിവരുന്നു. പുഴയെയും തീരങ്ങളെയും വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണപ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പേരിലുള്ള പദ്ധതിയും നിലവിലുണ്ട്. ജനപങ്കാളിത്തത്തോടെ നദീസംരക്ഷണപദ്ധതികൾ നടപ്പാക്കുക, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും തദ്ദേശസ്‌ഥാപനങ്ങളെയും കർമനിരതമാക്കുക, മഴവെള്ള സംഭരണം ഊർജിതമാക്കുക എന്നിങ്ങനെയുള്ള ബഹുമുഖദൗത്യമാണ് കേരളം ആവിഷ്‌കരിക്കേണ്ടത്.
നമ്മുടെ ഓരോ പുഴയും തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്. നൂറ്റാണ്ടുകളായി കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ജീവിതത്തെയും തൊട്ടുനനയ്ക്കുന്ന പ്രവാഹങ്ങളാണു നമ്മുടെ നദികൾ. ഈ ജീവപ്രവാഹങ്ങളെ മൃതാവസ്ഥയിലേക്കു നീങ്ങാൻ അനുവദിച്ചുകൂടാ. സർക്കാർസഹായത്തോടൊപ്പം വിലപിടിപ്പുള്ളതാണു ജനപങ്കാളിത്തവും മേൽനോട്ടവുമെന്ന് ഇതിനകമുണ്ടായ നദിപുനരുജ്ജീവനപദ്ധതികളെല്ലാം നമുക്കു പറഞ്ഞുതരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തു പാഴായിപ്പോകാതിരിക്കാനുള്ള ജലസംസ്‌കാരം മലയാളിക്കുണ്ടാകണം. പുഴയ്ക്കുമുണ്ട് മിടിക്കുന്ന ഒരു ഹൃദയം എന്ന ബോധ്യം നമ്മുടെ വീണ്ടെടുക്കൽദൗത്യത്തിനു വഴിത്തുണയാകട്ടെ