മ്യൂണിക്ക്: അര്‍ജന്റീന താരം ലയണല്‍ മെസ്സിയ്ക്ക് 2023 ലെ മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം നൽകിയതിനെതിരെ മുൻ ജർമൻ താരം ലോതര്‍ മത്തേയോസ്. 2023 കലണ്ടര്‍ വര്‍ഷത്തിലെ മെസ്സിയുടെ പ്രകടനങ്ങള്‍ അവാര്‍ഡിന് അര്‍ഹതപ്പെട്ടതല്ലെന്ന് മുന്‍ ബാലണ്‍ദ്യോര്‍ ജേതാവുകൂടിയായ മത്തേയോസ് വിമർശിച്ചു.
”മെസ്സിക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കാന്‍ യോഗ്യതയില്ല. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ നാം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ് മെസ്സിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ പാരിസിലും മയാമിയിലും ഉണ്ടായിരുന്നു, അവിടങ്ങളില്‍ ഒരു ഹൈപ്പ് സൃഷ്ടിച്ചു എന്നല്ലാതെ വലിയ കിരീടങ്ങളൊന്നും നേടിയിട്ടില്ല.” – ജര്‍മന്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. പുരസ്‌കാരത്തിനായി വലിയ വിജയങ്ങളാണ് പരിഗണിക്കുന്നതെങ്കില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെയും മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ എര്‍ലിങ് ഹാളണ്ടിനെയും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വര്‍ഷമായി ഫുട്‌ബോള്‍ മൈതാനത്ത് മെസ്സിയുടെ മിടുക്ക് അംഗീകരിക്കുമ്പോള്‍ തന്നെ 2023 സീസണിലെ കിരീടങ്ങളുടെ അഭാവം മെസ്സിയെ ഹാളണ്ടിനെ പോലുള്ള മറ്റ് നോമിനികള്‍ക്ക് പിന്നിലാക്കുന്നുവെന്നും മത്തേയോസ് വിമർശിച്ചു.
”നിങ്ങള്‍ വലിയ വിജയങ്ങളാണ് നോക്കുന്നതെങ്കില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെയും മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ എര്‍ലിങ് ഹാളണ്ടിനെയും കണ്ടില്ലെന്ന് നടിക്കാന്‍ ഒരു വഴിയുമില്ല. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം പ്രധാന കിരീടങ്ങളെല്ലാം നേടിയ താരമാണ് ഹാളണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മികച്ചതാണ്. നിങ്ങള്‍ മികച്ചതും വളരെ പ്രധാനപ്പെട്ടതുമായ താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഇതെല്ലാമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.” – എന്നും മത്തേയോസ് പറഞ്ഞു.