ഇടതുവലത് മുന്നണികൾ മാറി മാറി വിജയിച്ചിട്ടുള്ള ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2019ലെ തെരഞ്ഞെടുപ്പിൽ 1,32,274 എന്ന വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ വിജയിച്ചത്. ഇക്കുറിയും ബെന്നി ബെഹ്നാൻ തന്നെയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. എൽഡിഎഫിനായി മുൻ മന്ത്രി സി രവീന്ദ്രനാഥ് ആണ് മത്സരരംഗത്ത്. എൻഡിഎ കെഎം ഉണ്ണികൃഷ്‌ണനെ മത്സരിപ്പിക്കുമ്പോൾ ട്വൻ്റി 20 സ്ഥാനാർഥിയും കളത്തിലുണ്ട്. അഡ്വ. ചാർലി പോൾ ആണ് ട്വൻറി 20യുടെ സ്ഥാനാർഥി.
ചാലക്കുടി തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പുകളുമായി എൽ.ഡി.എഫും ആത്മവിശ്വാസം െകെവിടാതെ യു.ഡി.എഫും എൻ.ഡി.എയും ട്വന്റി ട്വന്റിയും ഒരുങ്ങി ഇറങ്ങിയതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗം സജീവമായി. തെരെഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ നാല് സ്ഥാനാർത്ഥികളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് റോഡ് ഷോകളും കവലകൾ തോറും പ്രചാരണ യോഗങ്ങളുമല്ലാം നിറഞ്ഞുനിൽക്കുകയാണ്.
തൃശൂർ ജില്ലയിലെ മൂന്നും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ചാലക്കുടി മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ്. യു.ഡി.എഫ്. സ്ഥാനാർഥിയായി സിറ്റിങ് എം.പി. ബെന്നി ബെഹനാനാണ് രംഗത്തുള്ളത്. പെരുമ്പാവൂർ സ്വദേശിയായ ബെന്നി ബെഹനാൻ അങ്കമാലിയിലാണ് താമസം. സിറ്റിങ് എം.പി. എന്ന നിലയിൽ മണ്ഡലത്തിൽ ആഴത്തിൽ ബന്ധങ്ങളുണ്ട്. എന്നാൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യവും പത്മജയുടെ ബി.ജെ.പി പ്രവേശനവും യു.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ജനകീയനും മുൻ വിദ്യാഭ്യാസമന്ത്രിയുമായ സി. രവീന്ദ്രനാഥാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പാർട്ടിയുടെ ജനകീയ മുഖമായ സി. രവീന്ദ്രനാഥിലൂടെ മണ്ഡലം തിരിച്ചു പിടിക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ഡി.ജെ.എസ്സിലെ കെ.എ. ഉണ്ണിക്കൃഷ്ണനാണ് രംഗത്തുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ എ.എൻ. രാധാകൃഷ്ണൻ ഒന്നര ലക്ഷത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ സമാഹരിച്ചത്.
മണ്ഡലത്തിന്റെ തെക്കേയറ്റത്തു കുന്നത്തുനാട്ടിലെത്തുമ്പോൾ. ട്വന്റി20 എന്ന ന്യൂജെൻ പാർട്ടി. പരമ്പരാഗത രാഷ്ട്രീയത്തിന് എതിരെന്നതു മാത്രമല്ല, 4 പഞ്ചായത്തുകളിൽ ഭരണത്തിന്റെ തിണ്ണമിടുക്കുമുണ്ട് ട്വന്റി20ക്ക്. മദ്യവിരുദ്ധസമിതി നേതാവ് ചാർലി പോളാണ് സ്ഥാനാർഥി.
മദ്യവിരുദ്ധ സമിതിയുടെ പ്രവർത്തകനായിരുന്ന ചാർളി പോൾ, എറണാകുളം അങ്കമാലി അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കൂടിയായിരുന്നു. സിറോ മലബാർ സഭയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ സഭയുമായി അടുത്ത ബന്ധമുള്ള സ്ഥാനാർഥിയെ നിർത്തി പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് ട്വന്റി ട്വന്റിയുടെ ലക്ഷ്യം.
മണ്ഡലത്തിന്റെ നാലതിരുകൾക്കും 4 സ്വഭാവമാണ്. കുന്നത്തുനാടിന്റെയും ആലുവയുടെയും അരികിലേക്കു വരുമ്പോൾ വൻകിട വ്യവസായ ശാലകൾ. കയ്പമംഗലത്തിന്റെയും കൊടുങ്ങല്ലൂരിന്റെയും കടൽ, കായലതിരുകൾ. കാട് അതിരിടുന്ന പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി. ഇത്രയുമായാൽ ചാലക്കുടി മണ്ഡലത്തിന്റെ പൂർണ ഭൂപ്രകൃതിയായി. എറണാകുളം, തൃശൂർ ജില്ലകളിൽ പടർന്നുകിടക്കുന്നു ഇൗ മണ്ഡലം.
കാർഷികപ്രവൃത്തികൾ കൂടുതലുള്ള പ്രദേശമെന്നു പൊതുവേ പറയുമെങ്കിലും രാഷ്ട്രീയസ്വഭാവം പലതാണ്. അതാണല്ലോ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെന്നി ബഹനാന് 1,32,274 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം നൽകി അധികകാലം കഴിയും മുൻപുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 7ൽ 3 മണ്ഡലങ്ങളിൽ എൽഡിഎഫിനു വിജയം നൽകിയത്. നാലിടത്ത് ഇപ്പോഴും യുഡിഎഫ് തന്നെ. ചാലക്കുടി എന്ന പേരിൽ 3 തിരഞ്ഞെടുപ്പു നടന്നതിൽ 2 യുഡിഎഫും ഒന്ന് എൽഡിഎഫും പങ്കിട്ടെടുത്തു. ചാലക്കുടിയുടെ മുൻഗാമിയായ മുകുന്ദപുരത്തിന്റെ ഭിത്തിയിലും യുഡിഎഫിന്റെ പേരു കൊത്തിയിട്ടുണ്ട്; 13 തിരഞ്ഞെടുപ്പിൽ 10ലും ജയം.
കോൺഗ്രസ് രാഷ്ട്രീയത്തിലെ ലീഡറായ കെ.കരുണാകരനെയും ലീഡറുടെ ആശാനായ പനമ്പിള്ളി ഗോവിന്ദമേനോനെയും ജയിപ്പിച്ച മണ്ഡലത്തിൽ ഇ.ബാലാനന്ദനെപ്പോലുള്ള ഇടതുപക്ഷ നേതാക്കളും ജയിച്ചു. ലോനപ്പൻ നമ്പാടനും സാക്ഷാൻ ഇന്നസന്റും ഇവിടെ ചെങ്കൊടിയുയർത്തി. 1984ൽ കേരള കോൺഗ്രസ് സ്ഥാനാർഥി കെ.മോഹൻദാസ് മുകുന്ദപുരത്തു ജയിച്ചത് ആന ചിഹ്നത്തിലാണ്.
പഴയ മുകുന്ദപുരമാണ് മണ്ഡല പുനർനിർണയത്തിലൂടെ ചാലക്കുടി മണ്ഡലമായത്. പനമ്പിള്ളി ഗോവിന്ദ മേനോനും ഇ. ബാലാനന്ദനും കെ. കരുണാകരനുമൊക്കെ മത്സരിച്ച മണ്ഡലം കൂടിയായിരുന്നു മുകുന്ദപുരം. പി.സി. ചാക്കോയും എ.സി. ജോസും സാവിത്രി ലക്ഷ്മണനും ഇവിടെനിന്ന് എംപിമാരായി. ലോനപ്പൻ നമ്പാടൻ ആയിരുന്നു മുകുന്ദപുരത്തെ അവസാന എം.പി. തൃശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.
2009ലെ പൊതുതെരഞ്ഞെടുപ്പിലാണ് ചാലക്കുടി മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്. സ്ഥാനാർഥി കെ.പി. ധനപാലനാണ് അന്ന് വിജയിച്ചത്. 2014-ൽ ചലച്ചിത്ര നടനും ഇടത് സ്വതന്ത്രനുമായിരുന്ന ഇന്നസെന്റായിരുന്നു വിജയി. 2019 ലെ തെരഞ്ഞെടുപ്പിൽ ബെന്നി ബെഹനാനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. യു.ഡി.എഫ്. 47.8 ശതമാനം വോട്ടും, ഇടത് മുന്നണി സ്ഥാനാർത്ഥി 34.45 ശതമാനവും, ബി.ജെ.പി 15.56 ശതമാനം വോട്ടുമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നേടിയത്.