കൊച്ചി: സിനിമാ മേഖലയില്‍ നിരവധിപേർക്കെതിരെ ലൈംഗികാതിക്രമം ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ എവിടെയും പ്രതിഷേധം ശക്തമാണ്. Law college students protest in front of AMMA office
എഎംഎംഎ ഓഫീസിന് മുന്നിൽ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. ഹെൽമറ്റ് വച്ചെത്തിയ നാല് വിദ്യാർത്ഥികളാണ് റീത്ത് വച്ച് പ്രതിഷേധിച്ചത്. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്.
ലോ കോളജ് വിദ്യാർത്ഥികളുടെ യൂണിയന്റെ റീത്താണ് പ്രതിഷേധ സൂചകമായി അമ്മയുടെ ഓഫീസിന് മുന്നിൽ വെച്ചിരിക്കുന്നത്.
നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വച്ചിട്ടുണ്ട്. റീത്ത് എഎംഎംഎ ജീവനക്കാര്‍ എടുത്തു മാറ്റി.
ഇന്നും നിരവധിപ്പേരാണ് സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റാണ് ആരോപണം ഉന്നയിച്ചത്.
‘‘ബാബുരാജിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചു. സഹോദരനെപോലെയാണ് കണ്ടിരുന്നത്. ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു.
സിനിമാ പ്രവർത്തകർ വീട്ടിലുണ്ടെന്നാണ് പറഞ്ഞതെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മോശമായ രീതിയിൽ സംസാരിച്ചു. ശാരീരികമായി ഉപദ്രവിച്ചു.’’ – ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.
കൊച്ചി ഡപ്യൂട്ടി കമ്മിഷണറോട് ഇതിനെക്കുറിച്ച് താൻ പരാതി പറഞ്ഞിരുന്നതായും ജൂനിയർ ആർട്ടിസ്റ്റ് വ്യക്തമാക്കിയിരുന്നു. സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത്.
ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു”