web analytics

കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം…. ആണ് പെണ്ണാവുന്ന ഉത്സവരാത്രി; നെയ്‌ത്തിരിയിട്ട ചമയ വിളക്കിന്റെ വെളിച്ചത്തിൽ പുരുഷ കേസരിമാരുടെ പകർന്നാട്ടത്തിന്റെ രണ്ടുരാവുകൾ; കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് ഇന്നും നാളെയും

കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം…. കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയയുടെ തിരയിളക്കം. കാണുന്നവരിലെല്ലാം കൗതുകം വിരിയിച്ച് ആയിരക്കണക്കിനു പുരുഷാന്മാരാണ് സ്ത്രീവേഷമണിഞ്ഞ് വിളക്കെടുത്തത്. ഇത് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക്. മീനം പത്തിനും പതിനൊന്നിനും പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തം. രണ്ടുനാൾ ഒരേ ചടങ്ങുകൾ അവർത്തിക്കുന്നതും ഇവിടുത്തെ മാത്രം സവിശേഷത.
അംഗനമാരെ വെല്ലുന്ന അംഗലാവണ്യത്തോടെ ലാസ്യ ശൃംഗാര രസങ്ങൾ കൺ കോണുകളിൽ ഒളിപ്പിച്ച് നെയ്‌ത്തിരിയിട്ട ചമയ വിളക്കിന്റെ വെളിച്ചത്തിൽ പുരുഷ കേസരിമാരുടെ പകർന്നാട്ടത്തിന്റെ രണ്ടുരാവുകളാണ് ഇന്നും നാളെയും. ഇതാണ് ചവറ കൊറ്റൻകുളങ്ങര ചമയവിളക്ക് ഉത്സവം. പുരുഷന്മാർ സ്ത്രീയായി വേഷം കെട്ടുന്ന, ആ വേഷത്തിൽ ഉറക്കമിളക്കുന്ന, ദേവിയുടെ മുന്നിൽ വിളക്കെടുക്കുന്ന ഉൽസവരാത്രി. കൊല്ലത്തിനും കരുനാഗപ്പള്ളിയ്‌ക്കും ഇടയിൽ ചവറയിൽ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്. വർഷം തോറും മലയാളമാസം മീനം 10 നും 11 നും നടക്കുന്ന ചമയവിളക്ക് ലിംഗസമത്വത്തിന്റെ പൗരാണികമായ ഹൈന്ദവ മാതൃക കൂടിയാണ്. കേരളത്തിൽ രണ്ടുനാൾ ഒരേ ചടങ്ങുകൾ അവർത്തിക്കുന്ന ഉത്സവവും വേറെ എങ്ങും ഇല്ല.

അഭീഷ്ട കാര്യ സിദ്ധിയ്‌ക്കായിട്ടാണ് പുരുഷന്മാർ വ്രതം നോറ്റ് പെൺവേഷം കെട്ടി ദേവീപ്രീതിയ്‌ക്കായി വിളക്കെടുക്കുന്നത്. ആൺ മക്കളെ പെൺകുട്ടികളാക്കിയും, ഭർത്താക്കൻമാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നവരും ഉണ്ട്.

വീട്ടിൽ നിന്നു ഒരുങ്ങി വരുന്നവരാരിയിരുന്നു ആദ്യകാലത്ത് കൂടുതൽ. ഇപ്പോൾ ചമയമിടാൻ മേക്കപ്പ്മാൻമാർ ഉണ്ട്. അമ്പലത്തിന്റെ കിഴക്കു ഭാഗത്ത് നൂറു കണക്കിന് ചമയപ്പുരകൾ ഉണ്ടാകും. സിനിമയിലും സീരിയലിലുമൊക്കെ പ്രവർത്തിക്കുന്ന പ്രൊഫഷണൽ മേക്കപ്പ്മാൻമാരുടെ സേവനം തേടുന്നവരും ഉണ്ട്. ഒരുങ്ങാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മായി പുരുഷ കേസരികൾചമയപ്പുരകളിൽ കയറി താരപരിവേഷത്തോടെ ഒരുങ്ങിയിറങ്ങുമ്പോൾ കൂടെവന്നവർ പോലും തിരിച്ചറിയില്ല. സ്ത്രീകൾ പോലും ഒട്ടൊരു അസൂയയോടെ നോക്കിനിന്നു പോകുന്ന അംഗലാവണ്യവും ദേവീസന്നിധിയിൽ ശരീരഭാഷയുമാണ് പുരുഷന്മാർക്ക് ഉണ്ടാകുന്നത്.

നാണംകലർന്ന ചിരിയും ശൃംഗാര ഭാവവുമായി നെയ്‌ത്തിരി വിളക്കിന്റെ പ്രഭയിൽ അതിസുന്ദരികളായ പുരുഷ കേസരികൾ അമ്പലപ്പറമ്പിൽ ഒഴുകിനടക്കും. ഫ്രീക്കന്മാർ ഈ മോഹിനികൾക്കൊപ്പം നിന്നു സെൽഫി എടുക്കുന്നതു പുതുകാലത്തിന്റെ മനോഹരകാഴ്ചയാണ്. ഇത് കണ്ട് അവരെ അസൂയയോടെ നോക്കി മാറിനിൽക്കുന്ന യഥാർഥ സ്ത്രീകൾ മറ്റൊരു കാഴ്ച. പുരുഷാംഗനമാരിൽ ഏറെയും സെറ്റുമുണ്ടും പട്ടുസാരിയും കേരളാ സാരിയും ഒക്കെയുടുത്ത് പരമ്പരാഗത വേഷത്തിലെത്തുന്നവരാണ്. എന്നാൽ ഈയിടെയായി ചുരിദാറും ആധുനിക വസ്ത്രങ്ങളും ധാരാളമായി കൂടി വരുന്നു.

അവർ എടുക്കുന്ന വിളക്കിനു ചമയ വിളക്ക് എന്നാണ് പറയുക. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ ഉത്സവ വേളകളിൽ ഉപയോഗിക്കുന്ന സവിശേഷമായ വിളക്കാണ് അത്. അഞ്ചു തിരിയുള്ള വിളക്ക്, അരയ്‌ക്കൊപ്പം ഉയരമുള്ള തടിക്കഷണത്തിൽ ഘടിപ്പിച്ചതാണ് ചമയവിളക്ക്.

രണ്ടു രാത്രിയും പുലർച്ചെ രണ്ടോടെ ചമയവിളക്കേന്തിയവർ ക്ഷേത്രം മുതൽ കു‍ഞ്ചാലുംമൂട് വരെ റോഡിനിരുവശവുമായി അണി നിരക്കും. ദേവീ ചൈതന്യമാവഹിച്ച ജീവിതയും കുടയും ഉടവാളുമായി വെളിച്ചപ്പാടിന്റെ അകമ്പടിയിൽ എഴുന്നള്ളത്ത് കുഞ്ചാലുംമൂട്ടിലെത്തി ഉറഞ്ഞുതുള്ളും.ഈ എഴുന്നള്ളത്ത് ദർശിക്കുന്നത് അവാച്യമായ അനുഭൂതിയാണ്.ജീവത എഴുന്നെള്ളത്തിന്റെ ഒരു വ്യത്യസ്ത തെക്കൻ ചിട്ടയാണ് ഇത്.

വിളക്ക് കണ്ടു ആറാട്ട് കഴിഞ്ഞശേഷം അനുഗ്രവർഷം ചൊരിഞ്ഞ് പുലർച്ചെ അഞ്ചരയോടെ ക്ഷേത്ര തീർഥക്കുളത്തിൽ ആറാട്ട് നടത്തി കുരുത്തോലയും കമുകും വാഴപ്പോളയും കൊണ്ടു ക്ഷേത്രമാതൃകയിൽ നിർമിച്ച പന്തലിൽ ദേവി വിശ്രമിക്കും. ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്‌ക്കകം എന്നീ നാലുകരകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ eth എടുപ്പുകുതിരകളുടെയും വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും വണ്ടിക്കുതിരകളുടെയും നിശ്ചലദൃശങ്ങളുടെയും വർണാഭമായ കാഴ്ചകൾ ഉത്സവത്തെ മറ്റൊരു രസാനുഭൂതിയിലേക്ക് എത്തിക്കും.

ആണ് പെണ്ണായി മാറുന്ന കൗതുകക്കാഴ്ച കാണാൻ ധാരാളം സഞ്ചാരികളും വിദേശികളും ഇവിടെയെത്തും. വിളക്ക് കണ്ട് കുരുത്തോലപ്പന്തലിൽ ഉപവിഷ്ടയാകുന്നതോടെ ആദ്യ ദിനത്തിലെ ചമയവിളക്കെടുപ്പ് സമാപിക്കും.

മീനം 10നു ചവറ, പുതുക്കാട് കരകളുടെ നേതൃത്വത്തിൽ തെക്കുഭാഗത്തും മീനം11നു വടക്കുവശത്ത് കോട്ടയ്‌ക്കകം, കുളങ്ങര ഭാഗം കരകൾ സംയുക്തമായി നിർമിച്ച പന്തലിലുമാണ് ചമയവിളക്ക് കണ്ട് അനുഗ്രഹം ചൊരിഞ്ഞ് ആറാട്ട് കഴിഞ്ഞെത്തുന്ന ദേവീഉപവിഷ്ടയാകുന്നത്.

കൊറ്റൻ കുളങ്ങര ക്ഷേത്ര ഐതീഹ്യം

കൊറ്റംകുളങ്ങര ദേവീക്ഷേത്രം ഇപ്പോൾ നിലനിൽക്കുന്ന ഇടത്ത് ആദ്യം കൊടും കാടായിരുന്നു. ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ ഭൂതക്കുളം എന്ന് പേരുള്ള ഒരു ചെറിയ കുളം ഉണ്ടായിരുന്നു. മഴക്കാലം ആകുമ്പോൾ കുളം നിറഞ്ഞു കവിഞ്ഞുഅടുത്തുളള പാടത്തേക്ക് ഒഴുകുമായിരുന്നു. വെള്ളവും പുല്ലും നിറഞ്ഞ ഈ പ്രദേശത്ത് സമീപ വാസികളായ കുട്ടികൾ കാലികളെ മേയ്‌ക്കാനായി വരുമായിരുന്നു. ഒരു ദിവസം ആ പ്രദേശത്ത് നിന്നും കുട്ടികൾക്ക് ഒരു നാളികേരം വീണു കിട്ടുകയും അടുത്തുള്ള ഒരു കല്ലിന്റെ മുകളിൽ വച്ചു കുത്തി അത് പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു.

ആ സമയം ലോഹക്കഷ്ണം ആ കല്ലിൽ തട്ടിയപ്പോൾ അതിൽ നിന്ന് നിണം വാർന്നു വന്നു. ഇത് കണ്ട കുട്ടികൾ വീട്ടുകാരോട് കാര്യം പറഞ്ഞു. എല്ലാവരും അതു കാണാനായ് എത്തി. പിന്നീട് പ്രമാണിയുടെ നേതൃത്വത്തിൽ പ്രശ്‌നം വച്ചു നോക്കിയപ്പോൾ ആ കല്ലിൽ ദേവി (സാത്വിക ഭാവത്തിലുള്ള വനദുർഗ) കുടികൊള്ളുന്നതായി കണ്ടെത്തി. ദേവീസാന്നിധ്യം കണ്ട ശിലയ്‌ക്കു ചുറ്റും കുരുത്തോല പന്തൽ കെട്ടി വിളക്കു വയ്‌ക്കുകയും ചെയ്തു.പിന്നീട് ക്ഷേത്രം നിർമ്മിച്ചു. ക്ഷേത്രത്തിന്റെ പേര് ‘ കൊറ്റൻകുളങ്ങര’ എന്നറിയപ്പെട്ടു തുടങ്ങി. ക്ഷേത്ര മേൽക്കൂരയായി വായുമണ്ഡലം സങ്കൽപ്പിക്കണമെന്നും മേൽക്കൂര നിർമിക്കരുതെന്നും ദേവപ്രശ്ന വിധി ഉണ്ടായിരുന്നതിനാൽ ഇവിടുത്തെ ക്ഷേത്രത്തിനു മേൽക്കൂരയില്ല.

ആദ്യകാലത്ത് ഉഗ്രരൂപിണിയായ ദേവിയുടെ മുന്നിൽ പോകാൻ സ്ത്രീകൾക്ക് ഭയമായിരുന്നതിനാൽ ആൺകുട്ടികളും പുരുഷന്മാരുമായിരുന്നു പെൺ വേഷത്തിൽ വിളക്ക് എടുത്തിരുന്നത്. അത് ക്രമേണ അഭീഷ്ട വരദായകമായ ആചാരമായി മാറി.അന്നു മുതൽ നാളികേരം ഇടിഞ്ഞു പിഴിഞ്ഞെടുത്ത ‘ കൊറ്റൻ’ ദേവിയ്‌ക്കു നിവേദ്യമായി നൽകിത്തുടങ്ങി. ദേവീചൈതന്യം കണ്ടെത്തിയ ശിലയ്‌ക്കു ചുറ്റും ഗോപാല ബാലന്മാർ കുരുത്തോലകൊണ്ട് അമ്പലം കെട്ടിയതിന്റെ സ്മരണക്കാണ് ഇന്നും കുരുത്തോല പന്തൽ കെട്ടുന്നത്.

ദുർഗ്ഗാ ദേവിയെ കൂടാതെ ശ്രീ പരമേശ്വരൻ, ശ്രീ ഗണപതി, ശ്രീ ധർമ്മശാസ്താവ്. യക്ഷിയമ്മ, മാടൻ ഭഗവാൻ, നാഗരാജാവ് എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകൾ.കൊറ്റൻ നിവേദ്യമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.

ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴി

തിരുവനന്തപുരം– കൊച്ചി ദേശീയപാതയോരത്ത് ചവറയ്‌ക്കടുത്താണ് കൊറ്റൻകുളങ്ങര.ക്ഷേത്രത്തിലേക്ക് ചവറ പ്രധാന കവലയിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ . കൊല്ലത്തുനിന്നു 17 കിലോമീറ്റർ ആണ് ദൂരം, വടക്കു നിന്നും വരുമ്പോൾ കരുനാഗപ്പള്ളിയിൽ നിന്നു 10.കി.മീ. കൊല്ലം റയിൽവേ സ്റ്റേഷനിലോ കരുനാഗപ്പള്ളിയിലോ ട്രെയിൻ ഇറങ്ങിയാൽ ബസ് മാർഗം ക്ഷേത്രത്തിൽ എത്താം. തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെല്ലാം നേരിട്ടു ബസിൽ പോകാം. ഫാസ്റ്റ് ബസുകൾക്ക് അവിടെ സ്റ്റോപ്പ് ഉണ്ട്. സൂപ്പർഫാസ്റ്റ് ബസുകൾ ആണെങ്കിൽ ചവറയിൽ ഇറങ്ങി ലോക്കൽ ബസിൽ കൊറ്റൻകുളങ്ങരയിൽ എത്താം.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img