തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ ‘അന്ത്യനാൾ മത്സ്യം’എന്നറിയപ്പെടുന്ന ഓർ മത്സ്യം കുടുങ്ങി. ആഴക്കടലിൽ കഴിയുന്ന ഇവ തീരപ്രദേശങ്ങൾക്ക് സമീപമെത്തുന്നത് സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് മുന്നോടിയായാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
ഈ മീനിനെ കണ്ടെത്തിയത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജാപ്പനീസ് ഇതിഹാസങ്ങളിലും നാടോടികഥകളിലും ഓർഫിഷിനെ വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സമുദ്രത്തിന്റെ ആഴങ്ങളിൽ കഴിയുന്ന ഈ മത്സ്യം വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങൾ കാരണം ഉപരിതലത്തിലേക്ക് എത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതോടെയാണ് ഓർമത്സ്യത്തിന് ‘അന്ത്യനാൾ മത്സ്യം’ എന്ന വിളിപ്പേര് വന്നത്.
2011ലെ ഭൂകമ്പത്തിനും സുനാമിക്കും സമാനമായ മറ്റ് ദുരന്തങ്ങൾക്കും മുൻപ് ഓർ മത്സ്യങ്ങൾ ഇത്തരത്തിൽ തീരത്തടിഞ്ഞുണ്ട്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ മത്സ്യത്തിന് വെള്ളിനിറമാണ്.
ഓർ മത്സ്യം 30 അടി വരെ നീളം വെക്കാവുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. സാധാരണ 200 മുതൽ 1000 മീറ്റർ വരെയുള്ള ആഴത്തിലാണ് ഇവ കഴിയുന്നത്.