മുംബൈ: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു. രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.Landslides hit Konkan railway following heavy rains, disrupting train services again
ഇതോടെ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും അഞ്ച് ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ചെയ്തു. 16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ–ലോണാവാല–ജോലാർപേട്ട–പാലക്കാട്–ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പൻവേലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്.രത്നഗിരി, ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി.
ശക്തമായ മഴയെത്തുടർന്ന് വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിലുണ്ടായത്. നിലവിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.