തീയറ്ററുകളിൽ സൂപ്പർ ഹിറ്റായ പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ടാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തിയെങ്കിലും ബാക്കി വിവരങ്ങൾ നീണ്ടു പോവുകയായിരുന്നു. ഒടുവിലിതാ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് എമ്പുരാന്റെ പുതിയ പ്രഖ്യാപനം എത്തി. ഓക്ടോബർ 5ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. പൊന്നിയിൽ സെൽവൻ, ഇന്ത്യൻ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് എമ്പുരാൻ.
ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ലോഞ്ച് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിഡിയോയും പൃഥ്വിരാജ് പങ്കു വെച്ചിട്ടുണ്ട്. “L2E – എമ്പുരാൻ. ലൈക്ക പ്രൊഡക്ഷൻസിനെ മലയാള സിനിമാ വ്യവസായത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ‘L’ ടീമിന് അഭിമാനം. ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ ചിത്രം ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമക്കും. 2023 ഒക്ടോബർ 5 മുതൽ ചിത്രീകരണം ആരംഭിക്കും,” പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ലോഞ്ച് വീഡിയോയും ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്‌സ് ഓഫീസില്‍ വന്‍വിജയം കൊയ്ത ലൂസിഫറിൽ മോഹൻലാൽ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരുന്നത്.