കൊച്ചി: കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികൾക്ക് അന്ത്യയാത്ര ചൊല്ലി നാട്. 23 മലയാളികളുടേതടക്കം 31 മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.(Kuwait tragedy; last tribute to deceased persons)
വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് എത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ച് അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾക്കൊപ്പം എത്തിയ കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമർപ്പിച്ചു. ശേഷം കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോയി. ആംബുലൻസുകൾക്കൊപ്പം പോലീസ് വാഹനവും അകമ്പടി നയിക്കുന്നുണ്ട്.
സങ്കട കടലായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം. അപകടത്തിൽ മരിച്ചവരുടെ ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ മറ്റുള്ളവർ നിസ്സഹായരായി.
Read Also: ഫിറ്റ്നസ് ഇല്ലാതെ സർവീസ്; സ്കൂൾ ബസ്പിടിച്ചെടുത്ത് ആർടിഓ