വിവാഹത്തിന് മുൻപ് പുഞ്ചിരി മനോഹരമാക്കാൻ ഡെന്റൽ ചികിത്സ; പല്ലും പോയി വിവാഹവും മുടങ്ങി—യുവാവിന് 20,000 ദിനാർ നഷ്ടപരിഹാരം
കുവൈറ്റ് സിറ്റി: വിവാഹത്തിന് മുൻപ് പുഞ്ചിരി മനോഹരമാക്കാൻ നടത്തിയ ഡെന്റൽ ചികിത്സ പിഴച്ചതോടെ ദുരിതത്തിലായ യുവാവിന് 20,000 ദിനാർ നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് കോടതി ഉത്തരവിട്ടു.
വിവാഹത്തിനായി പല്ലുകൾ മനോഹരമാക്കാൻ നടത്തിയ കോസ്മെറ്റിക് ഡെന്റൽ ചികിത്സ ഗുരുതരമായി പിഴച്ചതിനെ തുടർന്ന് കുവൈറ്റിലെ യുവാവിന് അനുകൂലമായി കോടതി നിർണായക വിധി പ്രസ്താവിച്ചു. 20,000 കുവൈറ്റ് ദിനാർ (ഏകദേശം 55 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്.
വിവാഹത്തിന് മുന്നോടിയായി ‘ഡെന്റൽ വിനീറുകൾ’ ഘടിപ്പിക്കാൻ പ്രമുഖ ക്ലിനിക്കിനെ സമീപിച്ച യുവാവ് ഇതിനായി 7,000 ദിനാർ മുൻകൂറായി നൽകിയിരുന്നു. എന്നാൽ ചികിത്സയ്ക്ക് പിന്നാലെ കഠിന വേദന, നീർവീക്കം, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു.
തുടർന്ന് മറ്റൊരു മെഡിക്കൽ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ചികിത്സയിൽ ഗുരുതര പിഴവുകൾ നടന്നതായി കണ്ടെത്തിയത്. പല്ലിന്റെ പുറംപാളിയായ ഇനാമൽ അമിതമായി തേച്ചതിനെ തുടർന്ന് നാഡീവ്യൂഹം വരെ കേടായതായി മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടാതെ വിനീറുകൾ ശരിയായി ഘടിപ്പിക്കാത്തതിനെ തുടർന്ന് ബാക്ടീരിയൽ അണുബാധയും ഉണ്ടായതായി കണ്ടെത്തി. ഇതോടെ പല്ലുകൾ പുനഃസ്ഥാപിക്കാൻ വൻതുക ചെലവഴിക്കേണ്ടിവന്നതോടൊപ്പം, യുവാവിന് ശാരീരികവും മാനസികവുമായ വലിയ ആഘാതം ഉണ്ടായി.
പുഞ്ചിരിയിലെ മാറ്റം ആത്മവിശ്വാസം തകർത്തതും വിവാഹം മാറ്റിവെക്കേണ്ട സാഹചര്യം സൃഷ്ടിച്ചതും കോടതി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിച്ചത്.
English Summary
A Kuwait court ordered a dental clinic to pay 20,000 dinars in compensation to a man after a cosmetic dental procedure went wrong, causing severe damage, pain, and emotional distress. The incident even forced him to postpone his wedding.









