വേനലായതോടെ കുരങ്ങുശല്യത്താൽ ഏറെ ബുദ്ധിമുട്ടുകയാണ് ഇടുക്കി ജില്ലയിൽപെട്ട കുമളി, വണ്ടിപ്പെരിയാർ പ്രദേശവാസികൾ. വേനലിൽ ഉൾവനത്തിൽ തീറ്റ ലഭിക്കാതായതോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കുരങ്ങുകൾ പ്രദേശത്തെ വീടുകളിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തുകൊണ്ടുപോകും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ വീടുകളിൽ കുടിവെള്ളം മലിനമാക്കുകയും ഭക്ഷണ വസ്തുക്കൾ തട്ടിമറിച്ചിടുകയും ചെയ്യും. കുട്ടികൾ ഉൾപ്പെടെയുള്ള വീടുകളിൽ കുരങ്ങിന്റെ ഉപദ്രവം ഭയന്നാണ് വീട്ടുകാർ കഴിയുന്നത്. മുൻപ് കുരങ്ങുശല്യം രൂക്ഷമായപ്പോൾ വനം വകുപ്പ് കെണിവെച്ച് പിടിച്ച് ഇവയെ ഉൾക്കാട്ടിൽ വിട്ടിരുന്നു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കുരങ്ങു ശല്യം രൂക്ഷമാണ്.