മേയറുമായുള്ള തർക്കത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിനും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ‘ഓവർ ടേക്കിംഗ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക’ എന്നെഴുതിയ പോസ്റ്റുകൾ കെഎസ്‌ആർടിസി ബസുകളിൽ പതിപ്പിച്ചു. ഒപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നൽകുന്നുണ്ട്. മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നൽകുക, ഓവർ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാൽ തന്നെ ശമ്പളം ചോദിക്കരുത് എന്നതാണ് യൂത്ത് കോൺഗ്രസ്സുകാർ നൽകുന്ന ഉപദേശം.