കൊച്ചി: എറണാകുളം കടവന്ത്രയിൽ സ്കൂട്ടറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പതരയോടെ കടവന്ത്രയിൽ മെട്രോ പില്ലർ 790ന് മുന്നിലാണ് ദാരുണാപകടം ഉണ്ടായത്. ഗതാഗത കുരുക്കിനെ തുടർന്ന് മുന്നിലെ വാഹനങ്ങൾ വേഗത കുറച്ച് നിർത്തിയിരുന്നു. സീനത്ത് സഞ്ചരിച്ച സ്കൂട്ടറും വേഗത കുറച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പിന്നീട് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്നവർ ഇരുവാഹനങ്ങൾക്കും ഇടയിൽ കുടുങ്ങി പോയി. അപകടത്തിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സീനത്തിനെ രക്ഷിക്കാനായില്ല.