തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദേശീയ നേതൃത്വം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചതോടെയാണ് കെപിസിസി സ്വന്തം വഴി തേടുന്നത്. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ ഈ നീക്കം. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനായുള്ള കൂപ്പണുകൾ ബൂത്ത് തലങ്ങളിൽ എത്തും. തെരഞ്ഞെടുപ്പ് കാലത്ത് പിരിവ് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും, മറ്റു മാർഗങ്ങളില്ല എന്നാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടു കയറുന്നതിനൊപ്പം പണപ്പിരിവ് കൂടി നടത്താം എന്നാണു തീരുമാനം.
സാധാരണഗതിയിൽ പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നീ മൂന്നു ഘട്ടമായിട്ടാണ് ഹൈക്കമാൻ്റ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിവന്നിരുന്നത്. എന്നാൽ ഇത്തവണ സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനാൽ ആദ്യ ഘട്ട പണം പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥികൾ സ്വന്തം നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.