കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
സംഭവത്തിൽ സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്. റാഗിങിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രതികള്‍ തന്നെ ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൂടാതെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോയിൽ കാണുന്നത്.