കാലിക്കറ്റിനെ അടിച്ചുനിലംപരിശാക്കി കൊല്ലത്തത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സമ്മാനിച്ച് സച്ചിൻ ബേബി. 214 വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു,.Kollam won the first Kerala Cricket League
സെഞ്ചുറിയുമായി അപരാജിത കുതിപ്പ് നടത്തിയ നായകൻ സച്ചിൻ ബേബിയാണ് കളിയിലെ താരം. 54 പന്തിൽ 7 പടുകൂറ്റൻ സിക്സും എട്ട് ബൗണ്ടറികളുമായി 105* റൺസാണ് താരം അടിച്ചെടുത്തത്.
കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിലേക്ക് ബാറ്റേന്തിയ കൊല്ലത്തിന് തുടക്കം പതറിയെങ്കിലും സച്ചിൻ ബേബി ടീമിനെ ഒറ്റയ്‌ക്ക് തോളേറ്റുകയായിരുന്നു.
ആറു വിക്കറ്റിനായിരുന്നു കൊല്ലത്തിന്റെ വിജയം. 45 റൺസെടുത്ത വത്സൽ ഗോവിന്ദ് സച്ചിന് ഉറച്ച പിന്തുണ നൽകി.
അഭിഷേക് നായർ(25), അരുൺ പൗലോസ്(13), ഷറഫുദ്ദീൻ(2),രാഹുൽ ശർമ(15*) എന്നിവരാണ് മറ്റ് സ്കോറർമാർ. അഖിൽ ദേവാണ് 44 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തത്.
നായകൻ രോഹന്‍ കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റർ എം. അജിനാസ്, അഖില്‍ സ്‌കറിയ എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് കാലിക്കറ്റിന് കരുത്ത് പകർന്നത്. കൊല്ലത്തിനായി അമല്‍ എ.ജി, സുധേഷന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.