പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
തിരുവനന്തപുരം: കൊല്ലം ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി ആരോപണങ്ങൾ ഉയരുന്നു. ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന നടപടികൾ ഡ്രൈവിങ് സ്കൂൾ ഉടമകൾ തന്നെ നിർവഹിച്ചിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കൊല്ലം ആർ.ടി.ഒയിലെ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ തന്റെ യൂസർനെയിമും പാസ്‌വേഡും ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ‘വാഹൻ’ സോഫ്റ്റ്‌വെയറിലെ ഔദ്യോഗിക ചുമതലകൾ, ലൈസൻസ് അനുവദിക്കൽ മുതൽ പുതുക്കൽ വരെ, മുഴുവൻ ഇടനിലക്കാരുടെ കൈകളിലായി.
ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സോഫ്റ്റ്‌വെയറിൽ പ്രവേശിക്കുന്ന കംപ്യൂട്ടറുകളുടെ ഐ.പി. അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ വിജിലൻസ് അന്വേഷണമാണ് ഈ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്.
വെഹിക്കിൾ ഇൻസ്‌പെക്ടർ ഒറ്റത്തവണ പാസ്‌വേഡുകളും ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് കൈമാറിയതോടെ ടെസ്റ്റിന് ഹാജരാകാത്തവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കും പോലും ലൈസൻസ് അനുവദിച്ചതായി കണ്ടെത്തി.
കൂടാതെ, ചുമതലയുള്ള ഉദ്യോഗസ്ഥൻ യൂസർനെയിമും പാസ്‌വേഡും കീഴ് ജീവനക്കാർക്ക് നൽകി ഉച്ചയോടെ ഓഫീസ് വിട്ടുപോയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ പുതുക്കിയതായി രേഖപ്പെടുത്തിയ പല വാഹനങ്ങളും പ്രവർത്തനക്ഷമമല്ലാത്തതും നാശോന്മുഖാവസ്ഥയിലുമാണെന്ന് വിജിലൻസ് കണ്ടെത്തി. രജിസ്‌ട്രേഷൻ നേടിയ ചില വാഹനങ്ങൾ വർക്ക്ഷോപ്പുകളിൽ പൊളിച്ച നിലയിലുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.
English Summary
A major corruption scandal has surfaced in the Kollam RTO office, where driving school owners allegedly handled official licensing procedures using credentials shared by a vehicle inspector. Licenses were reportedly issued even to those who failed or did not attend tests.
kollam-rto-license-scam-vahan-software
Kollam News, RTO Scam, Driving License Fraud, Kerala Vigilance, Corruption News, Kerala News









