കൊല്ലം: തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം നേടാൻ എൻ.ഡി.എയും കൊല്ലത്ത് ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങളിലേക്ക് കടക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ജില്ലയായ കൊല്ലം, ഈവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല ട്രെൻഡിനൊപ്പം ചേർന്നത് രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചിട്ടുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിൽ ഒൻപതും എൽ.ഡി.എഫിന് ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ നേടിയത് ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ സി.പി.എം, സി.പി.ഐ നേതൃത്വത്തിൽ നേരത്തേ തന്നെ ആരംഭിച്ചത്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), ജെ. ചിഞ്ചുറാണി (ചടയമംഗലം), കെ.ബി. ഗണേശ്‌കുമാർ (പത്തനാപുരം) എന്നിവർ വീണ്ടും മത്സരിക്കാനാണ് സാധ്യത.
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ എൽ.ഡി.എഫ് സ്വതന്ത്രനായി വീണ്ടും കളത്തിലിറക്കിയേക്കും.
രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി ഇരവിപുരത്ത് എം. നൗഷാദിനും ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ളയ്ക്കും വീണ്ടും സീറ്റ് നൽകാനുള്ള ആലോചനയും സി.പി.എമ്മിൽ പുരോഗമിക്കുന്നു.
കൊല്ലം മണ്ഡലത്തിൽ എം. മുകേഷിന് പകരം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും പരിഗണനയിലാണ്.
കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജന്റെയും പേരുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ കുണ്ടറയിൽ സി.പി.എമ്മും കരുനാഗപ്പള്ളിയിൽ സി.പി.ഐയും പുതുമുഖങ്ങളെ പരീക്ഷിക്കാൻ സാധ്യതയുണ്ട്.
പുനലൂരിൽ പി.എസ്. സുപാലിനും ചാത്തന്നൂരിൽ ജി.എസ്. ജയലാലിനും ടേം ഇളവ് നൽകുന്നതിനെക്കുറിച്ചും സി.പി.ഐയിൽ ചർച്ച നടക്കുന്നു.
യു.ഡി.എഫിൽ കുണ്ടറയിലെ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിലെ സി.ആർ. മഹേഷും വീണ്ടും ജനവിധി തേടും.
ആർ.എസ്.പി ചവറയിൽ ഷിബു ബേബിജോണിനെയും കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെയും വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തി.
കൊല്ലത്ത് ബിന്ദുകൃഷ്ണയും പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയും ചടയമംഗലത്ത് എം.എം. നസീറും യു.ഡി.എഫ് സ്ഥാനാർത്ഥികളാകാനാണ് സാധ്യത.
ബി.ജെ.പിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയാണ്. കഴിഞ്ഞ രണ്ടുതവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മൂന്നാമതും മത്സരിക്കും.
കൊല്ലം മണ്ഡലത്തിൽ സംസ്ഥാന വക്താവ് കേണൽ എസ്. ഡിന്നിയും സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
English Summary
Political equations in Kollam are changing as LDF, UDF, and NDA prepare for the upcoming Assembly elections. Traditionally an LDF stronghold, Kollam followed the UDF trend in the recent local body elections, prompting all fronts to begin early candidate selection strategies. While LDF considers repeating several sitting MLAs with term relaxations, UDF plans to retain its incumbents and expand gains. BJP hopes to open its account in the district this time, especially in Chathannoor and Kollam constituencies.
kollam-political-battle-ldf-udf-nda-assembly-election-strategy
Kollam Politics, Kerala Assembly Election, LDF Strategy, UDF Campaign, NDA Kerala, Kollam Constituencies, Kerala Political News









