കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയ സംഘത്തിൽ ഉൾപ്പെട്ട ബെെക്കിലെത്തിയ രണ്ടുപേരെയും ബൈക്കിൻ്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21) ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയത്.
കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് സംഘമെത്തിയത്. ആദ്യം രണ്ടു പേർ ബൈക്കിലെത്തി. പിന്നാലെ കുറച്ചുപേർ കാറിലെത്തുകയായിരുന്നു. ഇവർ ആദ്യം അനൂസ് റോഷൻ്റെ പിതാവിനെയാണ് ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത്.
എന്നാൽ ഇത് തടയാൻ ശ്രമിച്ച അനൂസിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വിദേശത്തുള്ള മൂത്ത മകൻ അജ്മൽ റോഷന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് റഷീദ് പ്രതികരിച്ചിരുന്നു.
ചിലർ നേരത്തെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പണം നൽകാൻ സാവകാശം തേടിയിരുന്നു. ഇതിനിടെയാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.