വടക്കഞ്ചേരി: വേനൽ മഴ പെയ്തെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ പെരുകിയത് കൊടും ചൂടിൽ വലയുന്ന പൊതുജനത്തിന് കിടക്ക പൊറുതിയില്ലാത്ത രാത്രികളായി.
മഴക്കാലത്ത് വീടുകളിലെ ഉറക്കം കെടുത്തുന്ന ഒന്നാണ് കോട്ടെരുമ അഥവാ മുപ്ലി വണ്ടുകൾ. റബ്ബർ തോട്ടങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയുടെ ആവാസ കേന്ദ്രം. രാത്രി വീട്ടിൽ ലൈറ്റ് ഇടുന്നതോടെ എത്തുന്ന മുപ്ലി വണ്ടുകൾ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. ഇവ മനുഷ്യന്റെ ദേഹത്ത് വന്നിരുന്നാൽ ആ ഭാഗം പൊള്ളും, ഉറങ്ങിക്കിടക്കുമ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും ചെവിയിലും മൂക്കിലും കയറുന്നത് പല വീടുകളിലും പതിവാണ്.
കിഴക്കഞ്ചേരി, മംഗലം ഡാം മേഖലകളിലാണ് വേനൽ മഴയേ തുടർന്ന് കോട്ടെരുമ ശല്യം രൂക്ഷമായത്. രാത്രി ആകുന്നതോടെ വീടുകളിലേക്ക് പറന്നെത്തുന്ന ഇവ വീടുകളുടെ അകത്തും പുറത്തും ഒരു പോലെ ആധിപത്യം ഉറപ്പിക്കും. വെളിച്ചം കണ്ടു പറന്നെത്തുന്ന ഇവ വസ്ത്രങ്ങളിൽ പറ്റിപിടിക്കുന്നതിനൊപ്പം ഭക്ഷണ സാധനങ്ങളിൽ വീഴുന്നതും പതിവായി. ഇവ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതോടൊപ്പം ചെറിയ കുട്ടികളുടെ അടക്കം ചെവിയിലും മറ്റും കയറി കൂടുന്നതിനാൽ വലിയ ആശങ്കയിലാണ് നാട്ടുകാർ.
കോട്ടെരുമയെ പേടിച്ച് വീടിനകത്ത് ലൈറ്റ് ഇടാൻ പോലും സാധിക്കുന്നില്ല.
വേനൽ ആയതോടെ രാത്രി ജനാലകൾ തുറന്ന് ഇത്തിരി ആശ്വാസം തേടിയിരുന്ന ആളുകൾക്ക് കോട്ടെരുമ ശല്യം കാരണം ഇപ്പോൾ ജനാലകൾ പോലും തുറക്കാനാകാത്ത അവസ്ഥയിലാണ്. മൊബൈൽഫോണിലെ വെട്ടം കണ്ട് എത്തുന്ന ഇവയെ തുരത്താൻ ഫലപ്രദമായ പ്രതിരോധമാർഗങ്ങളും ഇല്ലെന്നത് വലയ്ക്കുന്നു.
മണ്ണാർക്കാട്, കോങ്ങാട് ഉൾപ്പെടെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും കോട്ടെരുമ പെരുകിയിട്ടുണ്ട്. വീട്ടിൽ കോട്ടെരുമകൾ പെരുകിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് കോങ്ങാട് സ്വദേശി കുടുംബത്തോടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.