രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത മധ്യനിര ബാറ്റര്‍ കെ.എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. രാഹുലിനൊപ്പം ടീമിൽ ഉൾപ്പെട്ട രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. മെഡിക്കല്‍ സംഘത്തിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് കിട്ടിയ ശേഷമേ ഇരുവരും കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരൂ എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ശനിയാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. രാഹുലും രവീന്ദ്ര ജഡേജയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാൽ രാഹുല്‍ മത്സരസജ്ജനല്ലെന്ന് മെഡിക്കല്‍ സംഘം സെലക്ടര്‍മാരെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു രാഹുലിന് ജഡേജയ്ക്കും പരിക്കേറ്റത്. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു.
കര്‍ണാടക ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ രാഹുലിന് പകരം ടീമിലെടുത്തേക്കുമെന്നാണ് വിവരം. ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. രാജ്‌കോട്ടില്‍ 15-ാം തീയതിയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നിലവിൽ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് സമനിലയിലാണ്.