ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. എങ്കിലും അവസാന ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ജസ്പ്രീത് ബുംറയുടെ വിശ്രമവും കെ എൽ രാഹുലിന്റെ പരിക്കുമാണ് ഇപ്പോഴും ഇന്ത്യൻ ടീമിലെ പ്രധാന വിഷയം.
രാഹുലിന് വലത് തുടയ്ക്കേറ്റ പരിക്ക് ഭേദമായിട്ടില്ലെന്നാണ് റിപ്പോർട്ട്. വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ലണ്ടനിലേക്ക് അയച്ചിരിക്കുകയാണ്. അഞ്ചാം ടെസ്റ്റിലും രാഹുൽ കളിക്കുന്നില്ലെങ്കിൽ കർണാടക താരം ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങിയേക്കും. രജത് പാട്ടിദാറിന്റെ മോശം ഫോം പടിക്കലിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ പേസർ ജസ്പ്രീത് ബുംറയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. തുടർച്ചയായ മത്സരക്രമം പരിഗണിച്ചാണ് നാലാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകിയത്. ബുംറ മടങ്ങിവന്നാൽ പരമ്പരയിലെ നാല് മത്സരങ്ങളും കളിച്ച താരങ്ങളിൽ ചിലർക്ക് വിശ്രമം നൽകിയേക്കും. സ്പിന്നർ രവിചന്ദ്രൻ അശ്വിന് വിശ്രമം നൽകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ശുഭ്മാൻ ഗില്ലിനും ഒരു മത്സരത്തിൽ വിശ്രമം നൽകുന്ന കാര്യം ആലോചനയിലുണ്ട്.
Read Also: ശ്വസിക്കാൻ കഴിയുന്നില്ല; ചികിത്സ തേടിയെത്തിയ 55 കാരന്റ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് പാറ്റയെ