ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സർക്കാർ. ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമർശനം. കോഴിക്കോട് മിഠായി തെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമർശങ്ങൾ. കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ വിവരം സർക്കാർ പുറത്തുവിട്ടിരുന്നില്ല.വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോൾ ഗവർണർ ലംഘിച്ച് യാത്ര ചെയ്‌തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത്. ഗവർണറും സർക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തർക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവർണർ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമർശനം സർക്കാർ ഉന്നയിക്കുന്നത്. ഇത് മുൻനിർത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും.
ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സർക്കാരിനോടുള്ള വെല്ലുവിളിയെന്ന നിലയിൽ ഗവർണർ പ്രോട്ടോക്കോൾ പാലിക്കാതെ കോഴിക്കോട് മിഠായി തെരുവിൽ ജനങ്ങളുടെ നടുവിലേക്കിറങ്ങിയത്. തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐയെ അടക്കം വെല്ലുവിളിച്ച് മാനാഞ്ചിറ മൈതാനത്തും ഗവർണറെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് ഇറങ്ങുകയാണെന്നും ഗവർണർ പറഞ്ഞു. മിഠായി തെരുവിൽ കച്ചവടക്കാരിൽ നിന്ന് ഹൽവ രുചിച്ചും ആളുകൾക്കൊപ്പം ഫോട്ടെയെടുത്തുമായിരുന്നു ഗവർണറുടെ നടപ്പ്. പിന്നാലെ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനമുയർത്തി.
Read Also : ഇടുക്കി മൂലമറ്റത്ത് ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; മകൻ ഒളിവിൽ