ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമാകാനാണ് സാധ്യത.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അധികൃതർ അറിയിച്ചു.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്നതിനെ ശക്തമായ മഴയെന്നാണ് കണക്കാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത, ആശയവിനിമയ സംവിധാനങ്ങൾക്കും അപകടകാരിയാണ്.
കാർമേഘം കണ്ടതുമുതൽ തന്നെ തുറസായ സ്ഥലങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ കെട്ടിടത്തിനകത്ത് അഭയം തേടുക.
ജനലുകളും വാതിലുകളും അടച്ചിടുക, അവയുടെ അടുത്ത് നിൽക്കരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൈദ്യുതോപകരണങ്ങളുമായി സമ്പർക്കം ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കുക; മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമല്ല.
മേഘാവൃതമായപ്പോൾ ടെറസിലോ തുറസായ സ്ഥലങ്ങളിലും കളിക്കരുത്, പ്രത്യേകിച്ച് കുട്ടികൾ.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാതിരിക്കുക.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക, കൈകാലുകൾ പുറത്തിടരുത്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലൂടെ യാത്ര ഒഴിവാക്കുക.
മഴക്കാറ് കണ്ടാലും ടെറസിലേക്കോ മുറ്റത്തേക്കോ പോകാതിരിക്കുക.
കുളിക്കൽ, വെള്ളം ശേഖരിക്കൽ, പൈപ്പുകൾ സ്പർശിക്കൽ എന്നിവ ഇടിമിന്നലിനിടെ ഒഴിവാക്കണം.
ജലാശയങ്ങളിൽ മീൻപിടിത്തം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉടൻ നിർത്തി കരയിലേക്ക് എത്തണം.
പട്ടം പറത്തൽ, വൃക്ഷക്കൊമ്പിൽ ഇരിക്കൽ എന്നിവയും അപകടകരമാണ്.
English Summary:
The India Meteorological Department (IMD) has issued a yellow alert for Thiruvananthapuram, Kollam, Pathanamthitta, and Alappuzha districts, forecasting isolated heavy rain and thunderstorms today and tomorrow. Heavy rain means 64.5–115.5 mm within 24 hours. While fishing is permitted off the Kerala, Karnataka, and Lakshadweep coasts, the IMD has urged strict lightning safety precautions, including avoiding open spaces, tall trees, and water bodies during thunderstorms, disconnecting electrical appliances, and staying indoors or inside vehicles for safety.









