പച്ചക്കറി വില കുതിക്കുന്നു; ആകെ താളം തെറ്റി മലയാളിയുടെ അടുക്കള ബജറ്റ്
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതൽ 60 ശതമാനം വരെയാണ് കൂടിയത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകൾ കൂടി ഉയർന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് ആകെ താളം തെറ്റി.
ഉത്പാദനത്തിലെ കുറവാണ് പച്ചക്കറി വിലക്കയറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ജൂലൈ ഒന്നിന് എറണാകുളത്തെ ചില്ലറ വിപണിയിൽ കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 -100 രൂപയിലേക്കും ഉയർന്നിട്ടുണ്ട്. വെളുത്തുള്ളി വിലയും കുതിച്ചുയരുകയാണ്. കിലോയ്ക്ക് 120 -140 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാൽ വലിയ വെളുത്തുള്ളിക്ക് വില ഇതിലും കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.
കാരറ്റിന് 20 ശതമാനം വില ഉയർന്നാണ് 80 രൂപയിലെത്തിയത്. തക്കാളി കിലോയ്ക്ക് 40രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസം കൊണ്ട് 60 രൂപയിലെത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലാണെങ്കിൽ വില ഇതിലും കൂടുതലാണ്. അതേസമയം, മുരിങ്ങിക്കായ, വില പകുതിയലധികം കുറഞ്ഞ് 40 രൂപയായിട്ടുണ്ട്. എന്നാൽ സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമല്ല. സവാള കിലോയ്ക്ക് 30 രൂപയും ഉരുളക്കിഴങ്ങിന് 45രൂപയിലുമാണ് എറണാകുളത്തെ വ്യാപാരം.
ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്സംസ്ഥാനത്തേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്. ആഭ്യന്തരവിപണയിൽ ഉത്പാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയൽ സംസ്ഥാനങ്ങളെയാണ്. ഓണം, കല്യാണ സീസണുകൾ എത്തുന്നതിനു മുൻപേ വില ഉയർന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച പച്ചക്കറികൾ ഇനിയും വൈകുന്ന സാഹചര്യമാണ്. അതിനാൽ വില ഇനിയും കുതിക്കാനുള്ള സാധ്യത കൂടുതലാണ്.
പെരുമഴയിൽ കുതിച്ചുയർന്ന് പച്ചക്കറി വില
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ കുതിച്ചു കയറ്റം. കാസർഗോഡ് ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.
ഒറ്റയടിക്ക് അഞ്ച് രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ൽ ആണ് നിൽക്കുന്നത്. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില 35-ലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം വരെ 20 രൂപയായിരുന്നു തക്കാളി വില.
ചേനവില 80-ൽ തുടരുമ്പോൾ ഒരു കിലോ കയ്പയുടെ വില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലേക്കും എത്തിയത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം മുരിങ്ങക്കായ, പച്ചക്കായ വിലയിൽ മാത്രമാണ് അൽപം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില ഇപ്പോഴും 50 രൂപയിൽ തുടരുകയാണ്.
കറിക്കായ വില 30-നും 40-നുമിടയിലാണ്. കിഴങ്ങുവർഗങ്ങളിൽ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയിൽ മാറ്റമില്ല.
അതേസമയം ജില്ലയിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കർണാടകയിലെ പച്ചക്കറി പാടങ്ങളിൽ കനത്തമഴയിൽ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
നാടൻ പച്ചക്കറി വിപണിയിലെ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലയ്ക്കാത്ത മഴയിൽ ജില്ലയിലെ നാടൻ വെള്ളരി, കക്കിരി കൃഷികളും അവതാളത്തിലാണ്.
ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയാണ് മഴക്കാല പച്ചക്കറി കൃഷിക്ക് അനിവാര്യം. എന്നാൽ ഇത്തവണ മഴ തുടങ്ങിയശേഷം ചെറിയ ഇടവേളയിൽപ്പോലും വെയിൽ ലഭിച്ചിരുന്നില്ല.
അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം; വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം; നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്തയച്ച് ആഭ്യന്തര മന്ത്രാലയം.
ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായിതന്നെ നടപ്പിലാക്കാനാണ് നിർദേശം. അവശ്യ വസ്തുക്കൾ സംഭരിക്കണം, ലഭ്യത ഉറപ്പാക്കണം എന്ന് നിർദേശത്തിൽ പറയുന്നു.
അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം. വിപണയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം എന്നും നിർദേശത്തിൽ പറയുന്നു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്.
ഇന്നലെ രാത്രി ഇന്ത്യയിലെ ജമ്മു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അതിനെയൊക്കെ വെടിവെച്ചിടുകയായിരുന്നു.
തുടർന്ന് മിനിറ്റുകൾക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുകയാണ്. ഈഘട്ടത്തിൽ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്.
അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.
English Summary:
Kerala sees a sharp rise in vegetable prices, with costs increasing by 20% to 60% within a month. Following the spike in cooking oil prices, this surge hits household budgets hard.