ഇന്നും നാളെയും കുട എടുക്കാൻ മറക്കണ്ട; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം, ഇന്ന് കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പ്രത്യേക തടസ്സങ്ങളില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നതോടൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കാം.
അതിനാൽ കാർമേഘങ്ങൾ കാണാൻ തുടങ്ങുന്ന നിമിഷം മുതൽ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന ഘട്ടങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്കരികിൽ നിന്ന് അകലം പാലിക്കുകയും വേണം.
കെട്ടിടത്തിനകത്ത് കഴിയുമ്പോൾ ഭിത്തിയിലോ തറയിലോ നേരിട്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം.
ഇടിമിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.
വൈദ്യുതോപകരണങ്ങളോട് ചേർന്നുനിൽക്കുന്നതും ടെലഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രത്യേക അപകടമില്ലെന്ന് അധികൃതർ അറിയിച്ചു.
മേഘാവൃതമായ അന്തരീക്ഷത്തിൽ കുട്ടികൾ ഉൾപ്പെടെ ആരും തുറസായ സ്ഥലങ്ങളിലോ ടെറസിലോ കളിക്കുന്നത് ഒഴിവാക്കണം. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തുടരുന്നത് കൂടുതൽ സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കി ഇടിമിന്നൽ അവസാനിക്കുന്നതുവരെ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ മുറ്റത്തേക്കോ തുണികൾ എടുക്കാൻ പോകരുത്. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പിച്ച് കെട്ടിവയ്ക്കണം.
ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം, കാരണം പൈപ്പുകളിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്.
ഇടിമിന്നലുള്ള സമയത്ത് ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ പാടില്ല.
കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന ഘട്ടത്തിൽ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ നിർത്തി ഉടൻ കരയിലെത്തണം.
ഇടിമിന്നൽ സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം. പട്ടം പറത്തുന്നതും അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.
English Summary
The India Meteorological Department has forecast rain in Kerala today and tomorrow, with isolated thunderstorms likely in some areas. There is no restriction on fishing along the Kerala–Karnataka–Lakshadweep coast today. Authorities have issued detailed safety guidelines, warning the public to take precautions against lightning, which can pose serious risks to life, property, and electrical infrastructure.
kerala-rain-thunderstorm-alert-imd-safety-guidelines
Kerala weather, IMD alert, Rain forecast, Thunderstorm warning, Lightning safety, Kerala rainfall, Fishermen advisory, Weather precautions









