കൊച്ചി: പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണമെന്ന് നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ്. മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല തുകയുടെ കാര്യത്തിലാണ് വ്യക്തത നേടിയത്. കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.
അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെതെന്ന് ആദായനികുതി വിഭാഗംപറഞ്ഞു.
എംപൂരാനുമായി ബന്ധമില്ല; ഗോകുലത്തിലെ റെയ്ഡ് വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട്; ഇന്നും തുടരുമെന്ന് ഇഡി
ചെന്നൈ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് ഇന്നും തുടരും. വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂർ നീണ്ട പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ സമയം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് വിവരം.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന നടന്നത്. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും ഇഡി വ്യക്തമാക്കി.
എംപുരാൻ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം.
കോഴിക്കോട് കോർപറേറ്റ് ഓഫീസ്, ഹോട്ടൽ, വിവിധ സ്ഥാപനങ്ങൾ, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകൻ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
വിദേശനിക്ഷേപം സ്വീകരിച്ചതിൽ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്. മുൻപും ഗോകുലം കമ്പനിയിൽ ഇത്തരം പരിശോധന നടന്നിട്ടുണ്ട്.