കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2025 ഫെബ്രുവരി 10 വരെ സമര്‍പ്പിക്കാം. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. Kerala Media Academy Media Awards: Entries can be submitted till February 10
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചിട്ടുള്ളത്.
റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.
ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകള്‍ 10×8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ MP4 ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കേണ്ടതാണ്. 25,000/- രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.
ഫെബ്രുവരി 10-ന് വൈകീട്ട് 5- മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.