ജിംനേഷ്യം മോഷണക്കേസ്; ബിഗ് ബോസ് താരം ജിന്റോയ്ക്ക് ആശ്വാസം
കൊച്ചി: ജിംനേഷ്യം മോഷണക്കേസിൽ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടം പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്‌ടിച്ചെന്നാണ് നടത്തിപ്പുകാരി പരാതി നൽകിയിരുന്നത്. നേരത്തെ ജിന്റോയ്‌ക്കെതിരെ എടുത്ത ലൈംഗിക ആക്രമണ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ 26-ാം തീയതി ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ജിന്റോയ്ക്കു വേണ്ടി അഡ്വ സമീർ എസ് ഇലമ്പടത്ത്, അമാനി ആർഎസ് എന്നിവർ ഹാജരായി. കേസിൽ പരാതിക്കാരിക്ക് കക്ഷി ചേരാനും പൊലീസിന്റെ വിശദീകരണം കേൾക്കാനുമായി മാറ്റിവെച്ചു.
ഓണാവധിക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസ്
കൊച്ചി: ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്ത് പോലീസ്. ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിലാണ് മോഷണം നടന്നത്.
വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ജിന്‍റോ ജിമ്മിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
ജിന്റോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പാലാരിവട്ടം പോലീസാണ് ജിന്റോക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് 19 ന് പുലർച്ചെ 1.50ന് ആണ് വെണ്ണലയിലുള്ള സ്ഥാപനത്തിൽ ജിന്റോ കയറിയത്. അതേസമയം റിയാലിറ്റി ഷോ താരമായ ജിന്റോയ്ക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്.
മുൻപ് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജിന്റോയെ എക്സൈസ് ചോദ്യം ചെയ്തിരുന്നു.
കഞ്ചാവ് കേസിൽ പിടിയിലായ തസ്‍ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്തത്.
എന്നാൽ തസ്‍ലിമയെ അറിയാമെന്നും പിതാവ് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോൾ കൊടുത്തുവെന്നും മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ജിന്റോയുടെ വാദം.
Summary: The Kerala High Court has stayed the arrest of Bigg Boss fame Jinto in connection with a gym theft case filed by Palarivattom Police.