ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം വിതരണം ചെയ്യുക.
പെൻഷൻ വിതരണത്തിനായി 831 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ തുക വിതരണം ചെയ്യും.
മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യേണ്ടത്.
ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍
കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്.
മണ്ണിടിച്ചലിനെ തുടർന്ന് ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. വീരമലക്കുന്നില്‍ നിന്ന് വന്‍ തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്ത് മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്ത് എത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ദേശീയപാത തകർന്ന സംഭവം; സൈറ്റ് എൻജിനീയറെ പുറത്താക്കി കേന്ദ്രം
കൊച്ചി: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആണ് നടപടിയെടുത്തത്.
എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്‌തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം എന്നാണ് നിർദേശം. ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി പഠിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ദേശീയപാത 66 ന്റെ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്നത്. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്.
സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽ നിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.
Summary: The Kerala government will begin disbursing the July welfare pension from Friday, announced Finance Minister K. N. Balagopal. Around 62 lakh beneficiaries will receive ₹1600 each.