സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2160 രൂപ കുറഞ്ഞതോടെ വില 1,02,920 രൂപയായി.
ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 2160 രൂപ കുറഞ്ഞ് 1,02,920 രൂപയായി. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. മാസങ്ങള്‍ക്ക് ശേഷം ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെ വീണ്ടും ഉയര്‍ന്ന് ഒരു ലക്ഷം കടന്നിരുന്നു. തുടര്‍ന്ന് രാത്രിയോടെ 1,05,000 രൂപയ്ക്കും മുകളിലേക്ക് കുതിച്ചു.
ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ സ്വര്‍ണവിലയില്‍ ഏഴായിരത്തിലധികം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ആഗോള സാഹചര്യങ്ങള്‍ മാറിയതോടെ വില തിരിച്ചുകയറി.
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന പ്രസ്താവനയെ തുടര്‍ന്ന് എണ്ണവിലയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തിയത്. ഊര്‍ജ പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ നേരത്തെ എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയും ഉയര്‍ന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച സമയത്ത് സ്വര്‍ണവില വന്‍കുതിപ്പ് നടത്തിയിരുന്നു. സുരക്ഷിത നിക്ഷേപമായി കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിയതും വില ഉയര്‍ന്നതിന് കാരണമായി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉയര്‍ന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
English Summary
Gold prices in Kerala dropped sharply by ₹2,160 per sovereign, bringing the rate down to ₹1,02,920. The decline follows fluctuations in global markets, especially changes in oil prices and geopolitical developments. Despite recent volatility, gold continues to remain above the ₹1 lakh mark.









