ദൂരയാത്ര വേണ്ട; കേരളത്തില്‍ വര്‍ക്ക് നിയര്‍ ഹോം യാഥാര്‍ത്ഥ്യമാകുന്നു, ഉദ്ഘാടനം 19-ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 19-ന് വൈകിട്ട് 4-ന് കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.
കൊട്ടാരക്കര ഐടി വികസനത്തിന്റെ കേന്ദ്രമാകുന്നു
സോഹോ കോര്‍പ്പറേഷന്‍, ടെന്‍ഡര്‍ പൂര്‍ത്തിയായ ഐടി പാര്‍ക്ക്, വര്‍ക്ക് നിയര്‍ ഹോം എന്നിവയിലൂടെ കൊട്ടാരക്കര ഐടി വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ആറ് കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വര്‍ക്ക് നിയര്‍ ഹോമില്‍ ഇതിനോടകം 60-ലധികം പേര്‍ സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.
ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ജനറേറ്റര്‍, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
5000 പേര്‍ക്ക് തൊഴില്‍ ലക്ഷ്യം
പദ്ധതിയിലൂടെ അന്താരാഷ്ട്ര കമ്പനികളില്‍ പോലും ജോലി ചെയ്യാനുള്ള അവസരങ്ങളാണ് അഭ്യസ്തവിദ്യര്‍ക്ക് ലഭിക്കുക
കൊട്ടാരക്കരയിലെ ഐടി മേഖല വികസനത്തിലൂടെ കുറഞ്ഞത് 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം എന്നും മന്ത്രി വ്യക്തമാക്കി.
വികേന്ദ്രീകൃത ഐടി മാതൃക
ഐടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം ബി.എസ്.എന്‍.എലിൻ്റെ ഉടമസ്ഥതയിലുള്ള 9,250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടത്തിലാണ് വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തിക്കുക.
141 പ്രൊഫഷണലുകള്‍ക്ക് ഇവിടെ ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകും.
സ്ത്രീകള്‍ക്കും ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും ആശ്വാസം
വീട്ടമ്മമാര്‍, ജോലി ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകള്‍, ദീര്‍ഘദൂരം യാത്ര ചെയ്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഘാടക സമിതി രൂപീകരിച്ചു
മന്ത്രി കെ.എന്‍. ബാലഗോപാല്‍ രക്ഷാധികാരിയായും, കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍ ചെയര്‍മാനായും, കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. റിയാസ് കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതിയുടെ ആദ്യയോഗവും നടന്നു.
English Summary:
Kerala’s first “Work Near Home” facility will be inaugurated on January 19 at Kottarakkara by Chief Minister Pinarayi Vijayan. The project aims to decentralise the IT sector and create employment opportunities for over 5,000 people.









