തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന്. ഹയാത്ത് റീജൻസിയിൽ രാവിലെ പത്തുമണി മുതലാണ് താരലേലം നടക്കുന്നത്.Kerala Cricket League star auction today
ചാരു ശർമ്മയാണ് ഓക്ഷൻ നടത്തുന്നത്. സ്റ്റാർ സ്‌പോർട്‌സ് ത്രീയിലും ഫാൻ കോഡിലും താരലേലം തത്സമയം സംപ്രേഷണം ചെയ്യും.
കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരള ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്താണ് മത്സരങ്ങൾ.
താര ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസികളും ലേലത്തിലൂടെ സ്വന്തമാക്കും.
മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐ.പി.എൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം.
സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും.
അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് അടിസ്ഥാന പ്രതിഫലം.
പി.എ. അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റാൻസിന്റെയും റോഹൻ. എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സിന്റെയും ഐക്കൺ കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യൽ ലോഞ്ചിംഗ് ഈ മാസം 31ന് ബ്രാൻഡ് അംബാസിഡറായ നടൻ മോഹൻലാൽ നിർവഹിക്കും.
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ടൂർണമെന്റ് ഐക്കണായ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസൺ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ആറ് ഫ്രാഞ്ചൈസികളുടെ ലോഗോയും പ്രദർശിപ്പിച്ചു.
ലോഗോ പ്രകാശനത്തിൽ സഞ്ജുവിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾറഹിമാൻ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ തുടങ്ങിയവർ പങ്കെടുത്തു.