മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിനാണു നോട്ടീസ് നൽകിയത്. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞതിനു പിന്നിൽ കെസിഎയ്‌ക്കും പങ്കുണ്ടെന്ന വിമർശനത്തിൽ സഞ്ജുവിന് പിന്തുണ നൽകുന്ന പ്രതികരണം നടത്തി എന്നാണു കണ്ടെത്തൽ.
കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമർശനം. ഈ പ്രശ്നത്തിൽ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയിൽ സഞ്ജുവിനെ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യർഥന. ഇതാണ് നോട്ടീസിന് പിന്നിൽ. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ നിർദ്ദേശമുണ്ട്.