സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ… എയർ ടാക്‌സിക്ക് കേരളത്തിൽ അനന്തസാധ്യതയെന്ന് വ്യോമയാന ഉച്ചകോടി
കൊച്ചി: സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് കൊച്ചിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി. എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
അർബൻ മൊബിലിറ്റിക്ക് ഹെലികോപ്പ്റ്റർ, സീപ്ലെയിൻ, ഈവിറ്റോൾ എന്നിവയുടെ സാധ്യതകൾ തേടി നടന്ന പാനൽ ചർച്ചയിൽ തുമ്പി ഏവിയേഷൻ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെ എൻ ജി നായർ മോഡറേറ്ററായിരുന്നു. ഇമൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയർ ടാക്‌സികളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സർള ഏവിയേഷൻ വൈസ് പ്രസിഡൻറ് പായൽ സതീഷ് പറഞ്ഞു.
കേരളത്തിൽ എയർ ടാക്‌സിക്ക് വലിയ സാധ്യതയുണ്ട്. സിയാലിൽ ഓപ്പറേഷണൽ ഹബ് തുടങ്ങാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞു. തീർഥാടന, വിനോദ സഞ്ചാര കണക്റ്റിവിറ്റിക്ക് ഹൈബ്രിഡ് എയർ ടാക്‌സി മികച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടി. സീ പ്ലെയ്ൻ ഓപ്പറേഷൻ നടത്തുന്നതിനായി കൂടുതൽ അടിസ്‌ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആർ എസ് ഒ പ്രതിനിധി സയ്ദ് കമ്രാൻ ഹുസൈൻ പറഞ്ഞു.
മൂന്നാർ, തേക്കടി, ആലപ്പുഴ, ശബരിമല എന്നിവിടങ്ങളിലേക്ക് എയർ ടാക്സി സാധ്യമാണെന് പായൽ സതീഷ് പറഞ്ഞു. റോഡുകൾക്കായി അടിസ്‌ഥാന സൗകര്യം ലഭ്യമല്ലാത്ത സ്‌ഥലങ്ങളിൽ സീ പ്ലെയ്ൻ അനുയോജ്യമാണെന്ന് ചിപ്‌സൺ സിഎംഡി സുനിൽ നാരായൺ അഭിപ്രായപ്പെട്ടു.
സീപ്ലെയ്നുകൾക്ക് ടൂറിസം മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയും. ജലസ്രോതസ്സുകളും ഡാമുകളും ഉള്ളതിനാൽ കേരളത്തിനിത് ഏറ്റവും അനുയോജ്യമാണ്.
ഹെലികോപ്റ്റർ ഓപ്പറേഷനായി കൂടുതൽ ഹെലിപാഡുകൾ ആവശ്യമാണ്. ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് റൂഫ് ടോപ്പുകളിൽ നിന്ന് പറന്നുയരാനുള്ള അനുമതി നൽകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കൂടുതൽ സീ പോർട്ടുകൾ കേരളത്തിന് ആവശ്യമാണ്.
ഇവിറ്റോളുകൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും ചെറിയ റൺവേ മതിയെന്നതിനാൽ കേരളത്തിൽ ഏറെ സാധ്യതയുണ്ട്. കേരളത്തിലെ റോഡുകൾക്ക് ഇരുവശവും സ്‌ഥലങ്ങൾ ലഭ്യമല്ലാത്തതിനാൽ ചെറിയ ഹെലിക്കോപ്ടറുകൾ ഉണ്ടാക്കിയാൽ ഗതാഗത സുഗമമാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.
വ്യോമയാന മേഖലയിൽ നിക്ഷേപ സാഹചര്യമൊരുക്കാൻ കേരള ഏവിയേഷൻ സമ്മിറ്റ് 2025
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (എഫ്.ഐ.സി.സി.ഐ) സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) സംഘടിപ്പിക്കുന്ന കേരള എവിയേഷൻ സമ്മിറ്റ് 2025-ന് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിന് താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ വേദിയാകും.
ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് അധ്യക്ഷത വഹിക്കും.
കേരള സർക്കാർ വ്യോമഗതാഗത വികസനത്തിന് രൂപപ്പെടുത്തിയിട്ടുള്ള കരട് വ്യോമയാന നയരേഖയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളം ആഗോള വ്യോമയാന രംഗത്ത് ശക്തമായ ചുവടുവയ്പുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക, പുതിയ നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുക, വിനോദസഞ്ചാര വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന എട്ട് പാനൽ ചർച്ചകളിൽ, എയർലൈൻ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, കേന്ദ്ര വ്യോമയാന മന്ത്രാലയം, റെഗുലേറ്ററി ഏജൻസികൾ, എയർലൈനുകൾ, കാർഗോ ഓപ്പറേറ്റർമാർ, വ്യോമയാന വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ നേതാക്കൾ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), അന്താരാഷ്ട്ര-ദേശീയ വ്യോമയാന വിദഗ്ധർ എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനം ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ എം. അനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കൊച്ചി വിമാനത്താവളത്തിലെ പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് (എ.പി.എച്ച്.ഒ) കെട്ടിടവും മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. രോഗ പ്രതിരോധവും ആരോഗ്യ നിരീക്ഷണവും ശക്തിപ്പെടുത്തുത്തി അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തന സജ്ജമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ക്വാറന്റൈൻ സൗകര്യങ്ങളും, വൈറസ്/വെക്റ്റർ പരിശോധനാ ലാബുകളും ഉൾപ്പെടുത്തി, പൊതുജനാരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ തയ്യാറാക്കിയതാണ് പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് കെട്ടിടം. റവന്യൂ മന്ത്രിയും സിയാൽ ഡയറക്ടറുമായ കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്, എം.എൽ.എ-മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എം.പി. ബെന്നി ബഹനൻ, സിയാൽ ഡയറക്ടർമാർ, ഡോ. എസ്. സെന്തിൽനാഥൻ (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഹെൽത്ത് സർവീസസ്), മനോജ് മേത്ത (സീനിയർ ഡയറക്ടർ, എഫ്.ഐ.സി.സി.ഐ), സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് എന്നിവരോടൊപ്പം വ്യോമയാന രംഗത്തെ വിദഗ്ധരും പങ്കെടുക്കും.